കാസർകോഡ്: നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് സിബിഐ കോടതി വിധി
പറയും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.കൊലപാതകത്തിന് പുറകിൽ ഇടത് അക്രമരാഷ്ട്രീയം ആണെന്നാണ് കരുതപ്പെടുന്നത്
സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി ഇന്ന് വിധി പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളെയാണ് വിസ്തരിച്ചത് . വിധി വരുന്നതിന് മുന്നോടിയായി കല്യോട്ട് ഇന്നലെ പൊലീസ് റൂട്ട് മാർച്ച് നടത്തി.
ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഭവത്തിൽ പങ്കാളിത്തം ഉള്ള 14 പേരെ പ്രതി ചേർത്തു. ഇതിൽ 11 പേരെ അറസ്റ്റുചെയ്തു. എന്നാൽ തുടർന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐ പത്തുപേരെക്കൂടി പ്രതി പട്ടികയിൽ ചേർക്കുകയായിരുന്നു .
കൃത്യത്തിൽ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരൻ അടക്കമുളളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയതെങ്കിൽ സംഭവത്തിനു പിന്നിലെ ഗൂഡാലോചനയിലാണ് സിബിഐ അന്വേഷണം കേന്ദ്രീകരിച്ചത്. അങ്ങനെയാണ് ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ , ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളാവുകയും ചെയ്തു.
അതേസമയം കോടതി വരുമ്പോൾ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍. എന്നാൽ ആദ്യം തങ്ങളുടെ കൂടി നിന്ന അഭിഭാഷകനായ ശ്രീധരൻ പിന്നീട് പ്രതിഭാഗത്തോടൊപ്പം ചേർന്നത് വലിയ ഞെട്ടലാണ് കുടുംബത്തിന്.
Discussion about this post