ഇടുക്കി: അണക്കരയിൽ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഏലക്കായ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റില്‍. തമിഴ്നാട് മധുര സ്വദ്ദേശികളെയാണ് കുമളി പോലീസ് പിടികൂടിയത്. വാഹനത്തിൽ നിന്നും
ഒരു ചാക്ക് ഏലക്കയും നഷ്ട്ടപ്പെട്ടതായി പോലീസ് അറിയിച്ചു. പിന്നിലൂടെ മറ്റൊരു വാഹനത്തിൽ എത്തിയവർ ഏലക്ക കൊണ്ടുപോയി എന്നാണ് പ്രതികൾ നല്‍കിയ മൊഴി.
ഇന്നലെ പുലര്‍ച്ചെ മൂന്നേകാലോടെയാണ് സംഭവം. അണക്കരയിലെ ലേലം ഏജൻസിയിൽ നിന്നും ബോഡിനായ്ക്കന്നൂരിലേക്ക് ഏലക്ക കയറ്റി വരികയായിരുന്ന ലോറിയിലാണ് മോഷണം നടന്നത്.
മധുര സ്വദേശികളായ ജയകുമാർ, പ്രസാദ് മുരുകൻ, കനകരാജ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് ഇവര്‍. വാനിലെത്തിയ പ്രതികളിൽ ഒരാൾ ഓടുന്ന ലോറിക്ക് മുകളിൽ കയറിയ ശേഷം 52 കിലോ ഏലക്കയുണ്ടായിരുന്ന ഒരു ചാക്ക് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. അണക്കരക്കും മൂന്നാംമൈലിനും ഇടയിൽ വച്ചാണ് മോഷണം നടന്നത്. പിന്നാലെ എത്തിയ വാഹനത്തിൽ വന്നയാൾക്ക് സംശയം തോന്നിയതോടെ ലോറി ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വെളിച്ചമുള്ള സ്ഥലം നോക്കി ഡ്രൈവർ ലോറി നിർത്തി. ഇതോടെ ലോറിയിൽ ഉണ്ടായിരുന്ന മോഷ്ടാവ് ഇറങ്ങി പുറകെയെത്തിയ വാനിൽ കയറി രക്ഷപ്പെട്ടു.
ഉടൻതന്നെ ലോറി ഡ്രൈവർ വിവരം കുമളി പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവർ സംഘം. പിടിയിലായത്. ഗൂഡല്ലൂർ കേന്ദ്രീകരിച്ചുള്ള ഏലക്ക മോഷണ കേസിലും ഇവർ പ്രതികളാണ്.
Discussion about this post