തൃശൂർ: തൃശൂരിലെ ആതിരപ്പള്ളി വെള്ളച്ചാട്ടം ഡിസ്‌നി ലാൻഡ് മാതൃകയിൽ വികസിപ്പിക്കാനുള്ള പദ്ധതിയുമായി സുരേഷ് ഗോപി. ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും എന്നാണ് അറിയാൻ സാധിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ, കേന്ദ്ര സർക്കാർ സഹായത്തിലാണ് ടൂറിസം ഡെസ്റ്റിനേഷൻ ഒരുക്കുന്നത്.
വിദേശികൾക്കടക്കം എളുപ്പത്തിൽ എത്താവുന്ന ആകർഷകമായ സ്ഥലമായതിനാലാണ് അതിരപ്പിള്ളിയെ തിരഞ്ഞെടുത്തത്. 80 അടി മുകളിൽ നിന്നുള്ള വെള്ളച്ചാട്ടമാണ് അതിരപ്പിള്ളിയെ വേറിട്ടതാക്കുന്നത്. വാഴച്ചാൽ വെള്ളച്ചാട്ടം, തുമ്പൂർമുഴി തുടങ്ങി കോർത്തിണക്കാവുന്ന സ്ഥലങ്ങളുമുണ്ട്.
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ തീം പാർക്കുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, റൈഡുകൾ, മിസ്റ്റിക് ഫോറസ്റ്റ്, ലിറ്റിൽ വില്ലേജ് തിയേറ്റർ, ടോയ് സ്‌റ്റേഷൻ, സാഹസിക ദ്വീപ്, ജംഗിൾ ഗാർഡൻസ്, അഡ്വഞ്ചർ ലാൻഡ് ബസാർ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്.
രണ്ടു മാസത്തിനുള്ളിൽ നടപടിയാരംഭിക്കും. തുടർന്ന് ഡി.പി.ആർ തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് . കേന്ദ്രം അനുമതി നൽകുകയാണെങ്കിൽ പദ്ധതി അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി വാദികൾ എത്രമാത്രം എതിർപ്പ് പ്രകടിപ്പിക്കും എന്ന് വ്യക്തമല്ല. പ്രകൃതി ലോല പ്രദേശമായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ എത്രമാത്രം കേന്ദ്രം അനുവദിക്കും എന്നും കണ്ടു തന്നെ അറിയേണ്ടതുണ്ട്.
Discussion about this post