ബെംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിനെ പറ്റിച്ച് കോടികള്‍ തട്ടിയ ഗുജറാത്ത് സ്വദേശികള്‍ അറസ്റ്റില്‍. ് 12.5 കോടി രൂപ തട്ടിയ കേസിലാണ് നാല് പേര്‍ അറസ്റ്റിലായയത്. ഗുജറാത്തിലെ ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍മാരില്‍ ഒരാളായ വൈഭവ് പിട്ടാഡിയയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയത്. ഗുജറാത്ത് സ്വദേശികളായ നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് കേസില്‍ പിടിയിലായ മറ്റ് മൂന്ന് പേര്‍.
ആക്‌സിസ് ബാങ്കിന്റെ ബെംഗളുരുവിലെ ഇന്ദിരാനഗര്‍ ശാഖയിലാണ് ക്രെഡിന്റെ പ്രധാന കോര്‍പ്പറേറ്റ് അക്കൗണ്ട് ഉള്ളത്. ഇതിലൂടെ ദിവസവും രണ്ട് കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടക്കാറുണ്ട്. മെയിന്‍ അക്കൗണ്ടിന്റെ രണ്ട് കോര്‍പ്പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് കണ്ടെത്തിയ വൈഭവ്, ഇതിലേക്കുള്ള യൂസര്‍നെയിമും പാസ്‌വേഡും കിട്ടാനായി കമ്പനി എംഡിയെന്ന പേരില്‍ നേഹ ബെന്നിനെക്കൊണ്ട് അപേക്ഷ നല്‍കിച്ചു.
കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ് അപേക്ഷ അംഗീകരിച്ചതോടെ ഇവര്‍ക്ക് കോര്‍പ്പറേറ്റ് സബ് അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ്‌വേഡും കിട്ടി. ഇതുവഴി ക്രെഡിന്റെ മെയിന്‍ അക്കൗണ്ടില്‍ നിന്ന് ചെറിയ തുകകളായി ഇവര്‍ സബ് അക്കൗണ്ടിലേക്ക് പണം മാറ്റി. അവിടെ നിന്ന് മറ്റ് വ്യാജ അക്കൗണ്ടുകളിലേക്കും പണം മാറ്റി. ഇങ്ങനെ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെ 17 തവണകളായി ഇവര്‍ 12.5 കോടി രൂപ തട്ടിയെടുത്തു. എന്നാല്‍ തട്ടിപ്പ് അധികം നീണ്ടുപോയില്ല.
അക്കൗണ്ടില്‍ നിന്ന് കോടികള്‍ നഷ്ടമായതോടെ ആക്‌സിസ് ബാങ്കിന് ക്രെഡ് പരാതി നല്‍കി. ഇതോടെ ആക്‌സിസ് ബാങ്ക് പൊലീസിന്റെ സഹായം തേടി. കര്‍ണാടക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിനുള്ളില്‍ നടന്ന വന്‍ തട്ടിപ്പ് പുറത്തായത്. ആക്‌സിസ് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലായി വ്യാജ കോര്‍പ്പറേറ്റ് ബാങ്കിംഗ് അപേക്ഷകള്‍ പ്രതികള്‍ നല്‍കിയതും കണ്ടെത്തിയിട്ടുണ്ട്. പണം തട്ടാന്‍ ലക്ഷ്യമിട്ടാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം.
Discussion about this post