ന്യൂഡൽഹി: കഴിഞ്ഞ ബജറ്റിലെ നികുതി മാറ്റങ്ങൾ സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ടിയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സർക്കാരിന്റെ വരുമാനത്തിന് കോട്ടം തട്ടാതെ സാധാരണക്കാരുടെ പോക്കറ്റ് നിറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. ഇടത്തരം ജീവിതം നയിക്കുന്ന നികുതി ദായകർക്കായുള്ള കൂടുതൽ നികുതിയിളവിനെക്കുറിച്ച് വിശദമായി പഠിച്ചുവരികയാണെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
സാധാരണ കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുന്ന വിഷയങ്ങളെ മാനിക്കുന്നു. ഇവർക്കായി കൂടുതൽ ചെയ്യണം എന്നുണ്ട്. എന്നാൽ അതിന് ചില പരിമിതികൾ നേരിടുന്നുണ്ട്. ശമ്പളക്കാരുടെ നികുതി ഇളവിനുള്ള പരിധി 50,000 ൽ നിന്നും 75,000 ആക്കിയിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
2020 ലെ നികുതി വ്യവസ്ഥ പ്രകാരം 3 ലക്ഷം മുതൽ 15 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് 5 മുതൽ 20 ശതമാനം വരെയാണ് നികുതി. ഇതിന് മുകളിൽ ഉള്ളവർക്ക് 30 ശതമാനവും. നിലവിൽ ആലോചിക്കുന്ന നികുതി ഇളവ് പ്രാവർത്തികം ആയാൽ ഇവരുടെ ഭാരവും കുറയുമെന്നും നിർമ്മല വിശദമാക്കി.
എല്ലാ ആളുകൾക്കും വീടും മികച്ച വിദ്യാഭ്യാസവും സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികൾക്ക് കുറഞ്ഞ പലിശയിൽ 10 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കും. വീട് സ്വന്തമാക്കുന്നതിന് സാധാരണക്കാർക്ക് സാമ്പത്തിക പിന്തുണ നൽകുമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
Discussion about this post