തൃശ്ശൂർ : തൃശ്ശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുന്നംകുളം ആർത്താറ്റ് പള്ളിക്ക് സമീപം കിഴക്കുമുറി നാടഞ്ചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ ആയിരുന്നു കൊലപാതകം. സിന്ധുവിന്റെ സഹോദരീഭർത്താവാണ് കൊലപാതകം നടത്തിയത്.
തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം നടന്നത്. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തിവരുന്ന ദമ്പതികളാണ് മണികണ്ഠനും സിന്ധുവും. രാത്രി വീട്ടുസാധനങ്ങൾ വാങ്ങാനായി ഭർത്താവ് പുറത്തുപോയ സമയത്താണ് സിന്ധു അതിക്രൂരമായി കൊല്ലപ്പെട്ടത്. തിരികെയെത്തിയ ഭർത്താവ് മണികണ്ഠനാണ് സിന്ധുവിന്റെ മൃതദേഹം ആദ്യം കണ്ടത്.
കഴുത്ത് അറുത്ത് രക്തത്തിൽ കുളിച്ചു കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിന്ധുവിന്റെ സ്വർണാഭരണങ്ങളും കാണാതെ പോയിരുന്നു. സംഭവം അറിഞ്ഞതോടെ നാട്ടുകാർ പരിസരപ്രദേശങ്ങളിൽ തിരച്ചിൽ വ്യാപകമാക്കി. തുടർന്ന് ആനായ്ക്കൽ ചീരംകുളത്ത് വച്ച് നാട്ടുകാർ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും സിന്ധുവിന്റെ സ്വർണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post