ന്യൂഡൽഹി: നികുതി ദായകർക്ക് ആശ്വാസവാർത്തയുമായി ആദായ നികുതി വകുപ്പ്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടി. നിരവധി ആളുകൾ റിട്ടേൺ സമർപ്പിക്കാൻ ബാക്കിയുള്ള പശ്ചാത്തലത്തിലാണ് തിയതി നീട്ടിയത്. നേരത്തെയുള്ള അറിയിപ്പ് പ്രകാരം ഇന്നായിരുന്നു റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി.
പുതുക്കിയ നിർദ്ദേശ പ്രകാരം അടുത്ത മാസം 15 വരെയാണ് റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി. പിഴയോട് കൂടി ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പുറമേ തെറ്റുകൾ തിരുത്താനും 15 വരെ അവസരം ഉണ്ട്. അതേസമയം ഇത് വ്യക്തികൾക്ക് മാത്രമാണ് ബാധകം. ബിസിനസുകൾക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല.
ഈ വർഷം ജൂലൈ 31 നുള്ളിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ആയിരുന്നു സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് നേരത്തെ നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഈ തിയതിയ്ക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ പിന്നെയും ആളുകൾ ബാക്കിയാകുകയായിരുന്നു. ഇതോടെ പിഴയോട് കൂടി നികുതി അടയ്ക്കാനുള്ള തിയതി പ്രഖ്യാപിക്കുകയായിരുന്നു. വാർഷിക വരുമാനം 5 ലക്ഷത്തിന് മുകളിൽ ഉള്ളവർക്ക് 5000 രൂപയും അതിന് താഴെയുള്ളവർത്ത് 1000 രൂപയും ആണ് പിഴ. പിഴയോട് കൂടി നിശ്ചിത സമയത്തിനുള്ളിൽ റിട്ടേൺ സമർപ്പിക്കാത്തവർ നടപടി നേരിടേണ്ടിവരും. ബാങ്ക് വായ്പ ലഭിക്കുന്നതിന് ഉൾപ്പെടെ ഇവർ തടസ്സം നേരിടും.
Discussion about this post