നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ ഒരു നഗരമുണ്ട്. അതും ഇന്ത്യയിൽ. ലോകത്തിൽ വച്ച് തന്നെ ഇത്തരത്തിൽ നോൺ വെജ് ഭക്ഷണത്തിന് വിലക്കേർപ്പെടുത്തുന്ന ആദ്യ നഗരം ഇന്ത്യയിലാണ്. ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലെ ഒരു ചെറിയ നഗരമായ പലിതനയാണ് ഇത്തരത്തിൽ വിചിത്രമായ നഗരം. ഈ നഗരത്തിലെ ഹോട്ടലുകളിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പാറുള്ളൂ…
ചരിത്രത്തിലെ ഏറ്റവും പ്രധാന്യമേറിയ ജൈന തീർത്ഥാടന കേന്ദ്രമാണ് പലിതന. അതുകൊണ്ട് തന്നെ ജൈന സമൂഹത്തിന്റെ മതപരമായ ആചാരങ്ങൾ നിഷ്ടയോടെ പാലിക്കുന്ന നഗരമാണിത്. അഹിംസ പിന്തുടരുന്ന സമൂഹമായതിനാലാണ് ഇവിടം നോൺവെജിറ്റേറിയൻ ഭക്ഷണത്തൈ നിരോധിച്ചിരിക്കുന്നത്.
നഗരത്തിലെ ഇറച്ചിക്കടകൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് 200ലധികം ജൈന സന്യാസിമാർ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു. ഇൗ പ്രതിഷേധത്തിന് പിന്നാലെയാണ് 250ഓളം വരുന്ന ഇറച്ചിക്കടകൾ അടച്ചുപൂട്ടിയതും ഇറച്ചിവിൽപ്പന നിരോധിച്ചതും. ഇറച്ചി വിൽപ്പനയ്ക്ക് മാത്രമല്ല, പലിതനയിൽ നിരോധനം, മാസാഹാരം കഴിക്കുന്നതിനും മൃഗങ്ങളെ കൊല്ലുന്നതിനും മുട്ട വിൽക്കുന്നതിനും ഇവിടെ നിരോധനമുണ്ട്. ഇതിനായി പ്രത്യേക നിയമവും ഇവിടെ പാസാക്കിയിട്ടുണ്ട്.
നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് നിരോധനം വന്നതോടെ, വെജിറ്റേറിയൻ ഹോട്ടലുകൾക്ക് ഇവിടെ വലിയ ഡിമാൻഡ് ആണ്. ദിനംപ്രതി നിരവധി വെജിറ്റേറിയൻ ഹോട്ടലുകളാണ് ഇവിടെ കൂണുപോലെ മുളച്ചുവരുന്നത്. ലോകമെമ്പാടുമുള്ള തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന ഇവിടെ പലതരത്തിലുള്ള വെജിറ്റേറിയൻ ഭക്ഷണങ്ങളാണ് ലഭ്യമാകുന്നത്.
Discussion about this post