ന്യൂഡൽഹി : 2024 രാജ്യത്തിന്റെ പരിവർത്തനത്തിന്റെ വർഷമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞവർഷം ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 2025-ഓടെ ‘വീക്ഷിത് ഭാരത്’ യാഥാർത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2024 പുരോഗതിയുടെയും ഐക്യത്തിൻ്റെയും വർഷമായിരുന്നു. ഗ്രാമീണ വൈദ്യുതീകരണം, ഡിജിറ്റൽ കണക്റ്റിവിറ്റി, ലിംഗസമത്വം എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളിൽ രാജ്യം മുമ്പ് ഒരിക്കലും ഇല്ലാത്ത വിധമുള്ള പുരോഗതിയാണ് കഴിഞ്ഞവർഷംകൊണ്ട് നേടിയത്. ഭാവി ലക്ഷ്യം വെച്ചു കൊണ്ടുള്ള സാമ്പത്തിക നയങ്ങൾ വഴി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ മെച്ചപ്പെട്ടു. മ്യൂച്വൽ ഫണ്ടുകൾ വഴി കൂടുതൽ ആളുകൾ സാമ്പത്തിക വിപണിയിൽ പങ്കാളികളായി. ഇന്ത്യയിലെ റീട്ടെയിൽ നിക്ഷേപക അടിത്തറ ഗണ്യമായി വളർന്നു. 2047-ഓടെ വികസിത രാഷ്ട്രമായി മാറുകയെന്ന കാഴ്ചപ്പാടിലേക്ക് കൂടുതൽ വലിയ മുന്നേറ്റം നടത്താൻ രാജ്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
2024 ലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന് യുപിഐയുടെ വൻ വളർച്ചയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2017-ലെ 400 ദശലക്ഷം ഇടപാടുകളിൽ നിന്ന്, 2024-ൽ യുപിഐ 170 ബില്യൺ ഇടപാടുകൾ രേഖപ്പെടുത്തി. 2024 ഒക്‌ടോബറിൽ മാത്രം പ്രതിദിനം 500 ദശലക്ഷത്തിലധികം ഇടപാടുകൾ യുപിഐ വഴി രാജ്യത്ത് നടന്നു. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ 214,000-ലധികം ഗ്രാമപഞ്ചായത്തുകളിലേക്ക് ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വ്യാപിപ്പിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ രാജ്യത്തെ പാവപ്പെട്ടവർക്ക് സ്വന്തം ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലായി 2.7 കോടി വീടുകൾ ആണ് പ്രധാനമന്ത്രി ആവാസ് യോജന വഴി പൂർത്തീകരിച്ചത്. ഗ്രാമീണ മേഖലകളിലെ വൈദ്യുതിവൽക്കരണം നടപ്പിലാക്കി. അടിസ്ഥാന സൗകര്യ വികസനത്തിലും ദേശീയപാത വികസനത്തിലും വലിയ മുന്നേറ്റം നടപ്പിലാക്കാൻ കഴിഞ്ഞു എന്നും മോദി വ്യക്തമാക്കി.
Discussion about this post