കിഴുവില്ലം: സംസ്ഥാനത്ത് വീണ്ടും സഹകരണ ബാങ്ക് കൊള്ളയെന്ന് ആരോപണം. തിരുവനന്തപുരം കിഴുവില്ലം സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ രംഗത്ത് . തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളാണ് കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം കാണാനില്ലെന്നാണ് ആരോപണം. പൊലീസിനും, സഹകരണ രജിസ്ട്രാർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
വിവാഹത്തിന് അണിഞ്ഞ 45 പവൻ ആഭരണങ്ങളാണ് രമ്യയും ഭര്‍ത്താവ് പ്രദീപ് കുമാറും സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചത്. 2015 ൽ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോൾ അഞ്ച് മാലയും 17വളയും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം 29-ാം തിയതി വീണ്ടും ബാങ്ക് ലോക്കർ തുറന്നപ്പോൾ പക്ഷേ, 17 വളകൾ കാണാനുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് ബാങ്ക് അധികൃതരോട് വിവരം അറിയിച്ചു. എന്നാൽ അവർ മോശമായി പെരുമാറി എന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. ഇതേതുടർന്ന് പൊലീസീനും സഹകരണ രജിസ്ട്രാറിനും പരാതി നൽകി.
അതേസമയം സമാനമായ അനുഭവങ്ങൾ ഉള്ള വേറെയും ആൾക്കാർ ഉണ്ടെന്നാണ് ദമ്പതികൾ പറയുന്നത്. കാണാതായ വിളകൾക്ക് പുറമെ, ഇപ്പൊ ലോക്കറിൽ ഉള്ള ആഭരണങ്ങൾ യാഥാർത്ഥമാണോ എന്ന സംശയവും ദമ്പതികൾ പ്രകടിപ്പിക്കുന്നുണ്ട്.
Discussion about this post