ദുബായ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം ദുബായില്‍ നിലവില്‍ വന്നു. ബുധനാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്. പ്ലാസ്റ്റിക് മാലിന്യം കുറക്കുക, പരിസ്ഥിതി സൗഹൃദ സ്വഭാവം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഉത്തരവനുസരിച്ചാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ നിരോധനത്തില്‍ ആശങ്കയിലായിരിക്കുന്നത് റസ്‌റ്റൊറന്റുകളാണ്. അമിതചിലവാണ് പലരും മുന്നില്‍ കാണുന്ന പ്രതിസന്ധി.
നിരോധിച്ച വസ്തുക്കളില്‍ സ്‌റ്റൈറോഫോം കപ്പുകള്‍, പ്ലാസ്റ്റിക് കോട്ടന്‍ സ്വാബ്‌സ്, പ്ലാസ്റ്റിക് ടേബിള്‍ കവറുകള്‍, പ്ലാസ്റ്റിക് സ്‌ട്രോകള്‍, സ്‌റ്റൈറോഫോം ഭക്ഷണ കണ്ടെയ്‌നറുകള്‍, പ്ലാസ്റ്റിക് സ്റ്റിററുകള്‍ എന്നിവ ഉള്‍പ്പെടും. 2023ലെ എക്സിക്യുട്ടിവ് കൗണ്‍സില്‍ പ്രമേയപ്രകാരം ദുബായിലെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഗണ്യമായി കുറക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകള്‍ക്ക് ദുബായ് കര്‍ശന നിരോധനമേര്‍പ്പെടുത്തിയിരുന്നു. യുഎഇയുടെ ദേശീയ സുസ്ഥിരതാ സംരംഭത്തിന്റെ ഭാഗമായാണ് വിവിധ എമിറേറ്റുകള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഘട്ടംഘട്ടമായി നിരോധിക്കുന്നത്. 2026 ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഫുഡ് കണ്ടെയ്‌നറുകള്‍, ടേബിള്‍ വെയര്‍, പാനീയ കപ്പുകള്‍, എന്നിവയും ദുബായ് നിരോധിക്കും.
Discussion about this post