കടലിന്റെ ഈണത്തിനൊപ്പം ലയിച്ച് ചേരുന്ന മണിയുടെ നാദം. ഇതിന് താളമേകി പിതൃദർപ്പണ മന്ത്രങ്ങൾ. ഗോതീശ്വരത്തെ മഹാദേവ ക്ഷേത്രത്തിൽ എത്തുന്ന ഏതൊരു വിശ്വാസിയ്ക്കും ഭക്തസാന്ദ്രമായ നിമിഷങ്ങൾ. സങ്കടങ്ങളും ആഗ്രഹങ്ങളും പറഞ്ഞ് തിരികെ മടങ്ങുമ്പോൾ ആശ്വാസത്തിന്റെ തലോടലായി കടൽകാറ്റും.
കോഴിക്കോട് ജില്ലയിലെ തീരദേശപട്ടണമായ ബേപ്പൂരിലാണ് തെക്കൻ കാശി എന്ന് അറിയപ്പെടുന്ന ഗോതീശ്വരം ക്ഷേത്രത്തിന്റെ സ്ഥാനം. ഗോമതീശ്വരം എന്നാണ് പണ്ട് കാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത്. പിന്നീടത് ഗോതീശ്വരമായി പരിണമിക്കപ്പെട്ടു. പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ഗോതീശ്വരത്ത് ഭഗവാൻ ശിവനൊപ്പം തുല്യനായി മഹാവിഷ്ണുവും കുടികൊള്ളുന്നു. കടലിനോട് അഭിമുഖമായി പടിഞ്ഞാറ് ദർശനമേകിയാണ് തുല്യശക്തികൾ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഐതിഹ്യം പല വർണങ്ങളൽ ചാലിച്ചെഴുതിയ ക്ഷേത്രമതിൽ ഒരു കാലത്തെ കൂടിയാണ് ഭക്തരെ ഓർമ്മിപ്പിക്കുന്നത്.
പൂർവ്വിക കാലത്ത് കടലാക്രമണത്തിൽ നശിച്ച ക്ഷേത്രം ആയിരുന്നു ഗോതീശ്വരം. പിന്നീട് ക്ഷേത്രം പുനർനിർമ്മിക്കപ്പെടാൻ നിമിത്തം ആയത് അതുവഴി എത്തിയ രണ്ട് ബ്രാഹ്‌മണർ ആയിരുന്നു. തെക്ക് ദിക്കിൽ നിന്നും കാശിലക്ഷ്യമിട്ട് ആയിരുന്നു ഇവരുടെ യാത്ര. കടൽമാർഗ്ഗം ആരംഭിച്ച യാത്ര എത്തിനിന്നത് ആകട്ടെ ഗോതീശ്വരത്തിന്റെ തീരത്തും. ഇടിഞ്ഞ്‌പൊളിഞ്ഞ് കിടക്കുന്ന ഗോതീശ്വരം ക്ഷേത്രത്തിന് സമീപം തളർന്ന് കിടക്കുന്ന ഗോമാതാവിൽ ഇവരുടെ ശ്രദ്ധ പതിഞ്ഞു. അവശനായി അനങ്ങാൻ പോലും ആകാത്ത പശുവിനെ ശുശ്രൂഷിക്കുകയായി ഇരുവരും. ദിവസങ്ങളോളം ലഭിച്ച ബ്രാഹ്‌മണരുടെ ശുശ്രൂഷയിൽ പശു ആരോഗ്യം വീണ്ടെടുത്തു. ഇതോടെയാണ് കാശിയിലേക്കുള്ള യാത്രയെക്കുറിച്ച് ബ്രാഹ്‌മണരിൽ ഒരാൾ രണ്ടാമനെ ഓർമ്മിച്ചത്.
പശുവിനെ പരിപാലിച്ച് ഇരുന്നാൽ കാശിയാത്ര മുടങ്ങുമെന്നും, ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയില്ലെന്നും ആയിരുന്നു ഒന്നാമത്തെ ബ്രാഹ്‌മണൻ പറഞ്ഞത്. അതിനാൽ പശുവിനെ ഇവിടെ ഉപേക്ഷിക്കണം എന്നും അദ്ദേഹം ഉപദേശിച്ചു. എന്നാൽ രണ്ടാമത്തെ ബ്രാഹ്‌മണന് ഇതിന് മനസ് വന്നില്ല. കുളമ്പിന് രോഗമുള്ള ഗോമാതാവ് പൂർണ സുഖം പ്രാപിക്കാതെ താനില്ലെന്ന് അദ്ദേഹം കട്ടായം പറഞ്ഞു. ഒന്നാമൻ യാത്ര തുടർന്നപ്പോൾ കുളമ്പിൽ പച്ചമരുന്ന് കെട്ടിവച്ച് പശുവിനെ പരിപാലിച്ച് രണ്ടാമൻ അവിടെ നിലയുറപ്പിച്ചു. ഒരിക്കൽ പച്ചമരുന്ന് പുരട്ടുന്നതിനിടെ പശുവിന്റെ കുളമ്പിൽ നിന്നും തീർത്ഥം പൊട്ടി പുറത്തേയ്ക്ക് തെറിച്ചു. ഇതിൽ നിന്നും അർത്ഥനാരീശ്വര രൂപത്തിൽ ശിവനും പാർവ്വതിയും പ്രത്യക്ഷപ്പെട്ട് അദ്ദേഹം അനുഗ്രഹം ചൊരിഞ്ഞു. പിന്നീട് ബ്രാഹ്‌മണൻ ഗോതീശ്വരത്ത് തന്നെ താമസിക്കുകയും ക്ഷേത്രം പുനർനിർമ്മിച്ച് പരിപാലിക്കുകയും ചെയ്തുപോന്നു എന്നാണ് ഐതിഹ്യം.
ശിവഭഗവാനെയാണ് പ്രധാന മൂർത്തിയായി പ്രതിഷ്ഠിച്ചത്. വിഷ്ണു ഉപപ്രതിഷ്ഠയായിരുന്നു. ദേവപ്രശ്‌നത്തിൽ തുല്യശക്തികളാണെന്ന് വ്യക്തമായതോടെ തൊട്ടപ്പുറത്ത് മറ്റൊരു ശ്രീകോവിൽ പണി കഴിപ്പിച്ച് വിഷ്ണുവിനെ അവിടേയ്ക്ക് പ്രതിഷ്ഠിച്ചു. ഇവർക്കൊപ്പം തുല്യപ്രാധാന്യത്തോടെ അയ്യപ്പനും ക്ഷേത്രത്തിൽ കിഴക്ക് ദർശനത്തിൽ കുടികൊള്ളുന്നു.
ബ്രാഹ്‌മണൻ പ്രതിഷ്ഠിച്ചതുകൊണ്ട് ബ്രാഹ്‌മണ്യ രീതിയിൽ ആണ് ഗോതീശ്വരത്തെ പൂജാവിധികൾ. കൂവളമാലയും ധാരയും ശിവന് പ്രിയപ്പെട്ടതാകുമ്പോൾ തുളസിമാലയും പാൽപ്പായസവുമാണ് വിഷ്ണുവിനുള്ള വഴിപാട്. വർഷത്തിൽ ഒരുപാട് ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഗോതീശ്വരത്തിന്. ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം ഇതിൽ പ്രധാനം.
കർക്കിടക വാവിനും തുലാമാസ വാവിനും പതിനായിരക്കണക്കിന് പേരാണ് ഗോതീശ്വരത്തേയ്ക്ക് കടലുപോലെ ഒഴുകി എത്താറുള്ളത്. പിതൃക്കൾക്ക് മോക്ഷം തേടിയെത്തുന്ന ഇവരെല്ലാവരും നിർവൃതിയോടെ മടങ്ങും. ക്ഷേത്രം നിർമ്മിക്കപ്പെടുന്നതിന് മുൻപ് തന്നെ ഗോതീശ്വരം തീരത്ത് ബലിദർപ്പണം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇന്ന് ക്ഷേത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ബലിദർപ്പണം മാറിയിരിക്കുന്നു. ഇന്ന് മൺമറഞ്ഞ പോയവർക്ക് മോക്ഷം തേടി കാശിയിലേക്കോ രാമേശ്വരത്തേയ്‌ക്കോ അല്ല, മറിച്ച് ഗോതീശ്വരത്തേയ്ക്കാണ് ഭൂരിഭാഗം പേരും എത്താറുള്ളത്. പണ്ട് കാലത്ത് രാമശ്വരത്ത് ദർശനത്തിന് എത്തുന്നവരോട് ഗോതീശ്വരത്തിലെ ദർശനം പൂർത്തീകരിച്ചിരുന്നുവോ എന്ന് ചോദിക്കുമായിരുന്നുവത്രേ.
വിളിച്ചാൽ വിളിപ്പുറത്താണ് ഇവിടെ മഹാദേവൻ എന്നാണ് വിശ്വാസികൾ ഉറപ്പിക്കുന്നത്. ക്ഷേത്രത്തിന്റെ കൊടിമരത്തിന് പിന്നിൽ നിന്നും പ്രാർത്ഥിച്ചാൽ ഏത് സങ്കടവും പരിഹരിക്കപ്പെടും. അങ്ങനെ പ്രാർത്ഥിച്ച് ഫലസിദ്ധി നേടിയവർ പല ദിക്കിൽ നിന്നായി ക്ഷേത്രത്തിൽ എത്താറുണ്ട്. വഴിപാടുകളിലൂടെ ഇതിനുള്ള നന്ദിയും ഭഗവാനോട് പറയും.
പടിഞ്ഞാറ് ദർശനത്തിലിരിക്കുന്ന മൂർത്തികൾക്ക് ശക്തിയേറുമെന്നാണ് പ്രമാണം. പതിവിന് വിപരീതമായി ഗോതീശ്വരത്ത് ആകട്ടെ ശിവനും വിഷ്ണുവും ഉഗ്രശക്തികളായി പടിഞ്ഞാറ് ദർശനത്തിൽ വാണരുളുന്നു. ഈ ശക്തി ഇത്രയോ തവണ അനുഭവിച്ചറിഞ്ഞവരാണ് ഗോതീശ്വരത്തെ ജനങ്ങൾ. ഈ ശക്തിയിൽ വിശ്വസിച്ച് ഇവരുടെ ജീവിതവും.
Discussion about this post