ന്യൂഡൽഹി: ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് പണിയുന്നതും ഇന്ത്യൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ കൗണ്ടികൾ സൃഷ്ടിച്ചതും ഉൾപ്പെടെയുള്ള ചൈനയുടെ നീക്കങ്ങളോട് രൂക്ഷ പ്രതികരണവുമായി ഭാരതം.
ഞങ്ങൾ കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചൈനയോട് ശക്തമായ പ്രതികരണം നടത്തിയിട്ടുണ്ട്. എന്തെങ്കിലും നീക്കം അവരുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകും. വിദേശ കാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഹോട്ടാൻ പ്രിഫെക്ചറിൽ രണ്ട് പുതിയ കൗണ്ടികൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ ചൈനയോട് പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമ്മിക്കുന്നതിനെക്കുറിച്ചുമാണ് ഇന്ത്യ ചൈനയോട് പ്രതികരണം അറിയിച്ചത്.
ഡിസംബർ 25 ന്, ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി ചൈന പ്രഖ്യാപിച്ചു. ഏകദേശം 137 ബില്യൺ യുഎസ് ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി പരിസ്ഥിതി ലോല പ്രദേശമായ ഹിമാലയൻ മേഖലയിലാണ്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, അരുണാചൽ പ്രദേശിൽ പ്രവേശിക്കുന്നതിനും പിന്നീട് ബംഗ്ലാദേശിലേക്ക് ഒഴുകുന്നതിനും മുമ്പ് ബ്രഹ്മപുത്ര നദി ഒരു യു-ടേൺ എടുക്കുന്ന ഹിമാലയൻ സ്ട്രെച്ചിലെ ഒരു വലിയ അരുവിയിലാണ് ചൈന അണക്കെട്ട് നിർമ്മിക്കുന്നത്.
ബ്രഹ്മപുത്ര നദി ഒഴുകുന്ന അരുണാചൽ പ്രദേശിൻ്റെയും അസമിൻ്റെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ അണക്കെട്ട് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഇതിനകം ഉയർന്നിട്ടുണ്ട്.
Discussion about this post