മുംബൈ : മുംബൈ നഗരത്തിൽ ഭവന, പുനർ വികസന പദ്ധതികൾ പ്രഖ്യാപിച്ച് നഗരവകുപ്പ് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ. എല്ലാവർക്കും വീട് എന്ന നയമാണ് മഹായുതി സർക്കാർ നടപ്പിലാക്കുന്നത് എന്നും ഷിൻഡെ വ്യക്തമാക്കി. എല്ലാവർക്കും വീട് എന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃഢനിശ്ചയം നടപ്പിലാക്കാനാണ് മഹാരാഷ്ട്ര സർക്കാർ ശ്രമിക്കുന്നത് എന്നും ഏകനാഥ് ഷിൻഡെ വ്യക്തമാക്കി.
മുംബൈ നഗരത്തിൽ താമസിക്കേണ്ടിവരുന്ന വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കുറഞ്ഞ വാടകയ്ക്ക് മികച്ച താമസ സൗകര്യം ഏർപ്പാടാക്കുക എന്നതാണ് നഗര ഭവന പദ്ധതികളുടെ പ്രധാന ലക്ഷ്യം. വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന മുംബൈയിലെ ഭവന പദ്ധതികളുടെ പുനർവികസനത്തിലെ തടസ്സങ്ങൾ നീക്കാൻ ഷിൻഡെ നഗരവികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മിൽ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഒരു ലക്ഷം വീടുകൾ നിർമ്മിക്കുമെന്നും അതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായും ഷിൻഡെ പറഞ്ഞു. സ്വന്തം നാട്ടിലേക്ക് മാറിയ മിൽ തൊഴിലാളികൾക്ക് അവരുടെ ഗ്രാമത്തിൽ വീട് നൽകാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാർക്ക് പാർപ്പിട നയം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി മാറാനാണ് മഹാരാഷ്ട്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post