ഇന്‍സ്റ്റഗ്രാം വഴി ട്രേഡിംഗ് പരസ്യം നല്‍കി രണ്ടുകോടി രൂപ തട്ടിയ കേസിലെ പ്രധാന പ്രതിയെ പൊലീസ് തിരുച്ചറപ്പള്ളി എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി മുന്നിയൂര്‍ വെളിമുക്ക് സക്കത്ത് പാപ്പന്നൂര്‍ പാലാഴി വീട്ടില്‍ കെ.മനുവാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ് ഇയാള്‍ രണ്ടു കോടി രൂപ തട്ടിയെടുത്തത്.
ഇയാള്‍ എഐ സഹായത്തോടെ ശബ്ദം മാറ്റി ഫോണ്‍ വിളിക്കുകയും ് ടസ്റ്റോക്ക് മാര്‍ക്കറ്റിംഗ് സര്‍വീസ് അപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് പണം തട്ടുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ യുവാവില്‍ നിന്ന് 2024 ജൂണിലാണ് പലഘട്ടങ്ങളിലായി രണ്ട് കോടി രൂപ മനു തട്ടിയെടുത്തത്. പ്രതിയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും, ബ്ലൂകോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഓണ്‍ലൈന്‍ നിക്ഷേപ പദ്ധതിയെന്ന പേരില്‍ പണം തട്ടുന്ന കംബോഡിയന്‍ സംഘത്തിലെ മുഖ്യ ആസൂത്രകനാണ് മനുവെന്ന് പൊലീസ് പറഞ്ഞു. കേരളത്തില്‍നിന്നുള്ള ആളുകളെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി റിക്രൂട്ട് ചെയ്തും. ഇവരെ ഉപയോഗിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. കോള്‍ സെന്റര്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി കമ്പോഡിയയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വരെ ഇയാള്‍ വാടകയ്ക്ക് എടുത്തിരുന്നു.
ബാങ്ക് അക്കൗണ്ടുകള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ യുവാക്കളില്‍ നിന്ന് വാങ്ങി ഇന്റര്‍നെറ്റ് ബാങ്കിലൂടെ തട്ടിപ്പ് നടത്തുകയും ഇത് ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റി വിദേശത്തേക്ക് കടത്തിയതായും പോലീസ് കണ്ടെത്തി.തട്ടിപ്പിനായി അക്കൗണ്ട് വില്പന നടത്തിയ ആളെയും സ്വന്തം അക്കൌണ്ട് കമ്മിഷന്‍ രീതിയില്‍ വാടകയ്ക്ക് കൊടുത്ത ആളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post