ലോകത്തെ ആശങ്കയിലാക്കി ചൈനയിൽ ഒരു വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപുണ്ടായ കോവിഡ് മഹാമാരിയെ ഓർമ്മിപ്പിക്കും വിധം ഇതും ശ്വാസകോശ സംബന്ധമായ അണുബാധയാണെന്നാണ് വിവരം. ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസ് എന്നാണ് രോഗത്തിന്റെ പേര്. രാജ്യത്തുടനീളമുള്ള ജനജീവിതത്തെ എച്ച്എംപിവി രോഗം താറുമാറാക്കി കഴിഞ്ഞു.രാജ്യം ഔദ്യോഗികമായി ഇതിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് വളരെ പെട്ടെന്നാണ് പടർന്ന് പിടിക്കുന്നത്.
റിപ്പോർട്ട് പ്രകാരം, ചൈനയിൽ പ്രത്യേകിച്ച് വടക്കൻ പ്രവിശ്യകളിലെ 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ പ്രചരിക്കുന്ന എച്ച്എംപിവി കേസുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.എച്ച്എംപിവി എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ ബാധിക്കാം. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. അവരിൽ ഇത് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ ആയി മാറാനും സാധ്യതയുണ്ട്.
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി. ജലദോഷത്തിന് സമാനമാണ് ഇതിന്റെയും ലക്ഷണങ്ങൾ. ചുമ, തുമ്മൽ, ശ്വാസം മുട്ടൽ, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, അടുത്ത സമ്പർക്കം ഒഴിവാക്കുക 20 സെക്കൻഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, തുമ്മുമ്പോളും ചുമയ്ക്കുമ്പോഴും വായും മൂക്കും മൂടുക, സാനിറ്റൈസർ ഉപയോഗിക്കുക, തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
Discussion about this post