ഗാന്ധിനഗർ : ഇന്ത്യയിൽ നിന്നുമുള്ള മൂന്നാമത്തെ എച്ച്എംപിവി (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) കേസ് ഗുജറാത്തിലെ അഹമ്മദാബാദിൽ റിപ്പോർട്ട് ചെയ്തു. രണ്ടു വയസ്സുള്ള കുട്ടിക്കാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കർണാടകയിൽ രണ്ടു കുട്ടികൾക്കും എച്ച്എംപിവി സ്ഥിരീകരിച്ചിരുന്നു.
അഹമ്മദാബാദിലെ ചന്ദ്ഖേഡ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലാണ് എച്ച്എംപിവി സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു വയസുള്ള കുട്ടിയുടെ പരിശോധന റിപ്പോർട്ടിലാണ് എച്ച്എംപിവി ബാധ കണ്ടെത്തിയത്. ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയ കേസുകളിൽ 3 കേസുകളിലും ചെറിയ കുട്ടികളിൽ ആണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.
ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കർണാടകയിൽ നിന്നും റിപ്പോർട്ട് ചെയ്തതായി
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് അറിയിച്ചത്. തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികളെ കുറിച്ച് വിശദമായ പഠനം നടത്തുന്നുണ്ട്. ബ്രോങ്കോപ് ന്യുമോണിയ ബാധിച്ച് ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിലായിരുന്നു ആദ്യ എച്ച്എംപിവി റിപ്പോർട്ട് ചെയ്തത്. വൈകാതെ തന്നെ ബ്രോങ്കോപ് ന്യുമോണിയ ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 8 മാസം പ്രായമുള്ള മറ്റൊരു കുഞ്ഞിനും ഇതേ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയ ആരുംതന്നെ അന്താരാഷ്ട്ര യാത്രകൾ നടത്തിയവരല്ല എന്നുള്ളതും ശ്രദ്ധേയമാണ്.
Discussion about this post