ആലപ്പുഴ: റെയിൽവേ പാലത്തിലെ സിഗ്‌നൽ കേബിളുകൾ അജ്ഞാതർ മുറിച്ചതിനെ തുടർന്നു സിഗ്നൽ സംവിധാനം നിലച്ചത് ഏഴു മണിക്കൂറോളം.കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയിൽവേ പാലത്തിലെ സിഗ്‌നൽ കേബിളുകളാണ് അജ്ഞാതർ മുറിച്ചത്. സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം നടത്തും. വന്ദേഭാരത് ഉൾപ്പെടെ 21 ട്രെയിനുകൾ 5 മുതൽ 10 മിനിറ്റ് വരെ വൈകി. ചെമ്പുകമ്പി അപഹരിക്കാനായി മോഷ്ടാക്കൾ നടത്തിയ ശ്രമമാകാം എന്നാണ് റെയിൽവേ സംശയിക്കുന്നത്.
ഇന്നലെ പുലർച്ചെ 2.30ന് തിരുവല്ലയിൽ നിന്ന് അമൃത എക്സ്പ്രസ് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണു തകരാർ നേരിട്ടത്. സിഗ്നൽ ലഭിക്കാതെ ട്രെയിൻ തിരുവല്ല സ്റ്റേഷനിൽ നിർത്തിയിട്ടു. സിഗ്‌നൽ സംവിധാനത്തിന്റെ ഭാഗമായുള്ള റെയിൽവേ ഫോണും തകരാറിലായി. പിന്നീട് സിഗ്‌നലിനു പകരം കടലാസിൽ നിർദേശങ്ങൾ എഴുതി നൽകിയാണു (പേപ്പർ മെമ്മോ) അമൃത ഉൾപ്പെടെയുള്ള ട്രെയിനുകൾ കടത്തിവിട്ടത്.












