ദില്ലി: ഐടി കമ്പനികള്‍, സോഷ്യല്‍മീഡിയ എന്നിവയ്ക്ക് വ്യക്തികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഡാറ്റാ സംരക്ഷണ ബില്‍ വഴി കര്‍ശന നിയന്ത്രണങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലിന്റെ ഡ്രാഫ്റ്റിലാണ് ഐടി കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുമുള്ള നിയന്ത്രണങ്ങളെ കുറിച്ച് പറയുന്നത്. എന്നാല്‍ ഡിജിറ്റല്‍ ഡാറ്റകള്‍ക്ക് മേല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം മാധ്യമങ്ങളെ ബാധിക്കുന്നതായിരിക്കില്ലെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
ഇതുവഴി പൗരസ്വാതന്ത്ര്യവും രാജ്യസുരക്ഷയും ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോരുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാന്‍ നിയമം വഴി കഴിയുമെന്നും അതിനാലാണ് ഡാറ്റാ സംരക്ഷണ ബോര്‍ഡിന് രൂപം നല്‍കാന്‍ ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യക്തിവിവരങ്ങള്‍ക്ക് മുകളിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതോടെ പൗരന്‍മാര്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കുറയ്ക്കാനാകുമെന്നും ചൂഷണങ്ങളില്‍ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. മാത്രമല്ല, രക്ഷിതാക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് മാത്രം കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നല്‍കുക എന്ന തീരുമാനം ഇതിന്റെ ഭാഗമാണ്. വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ കടുത്ത നടപടികള്‍ ഐടി കമ്പനികള്‍ നേരിടേണ്ടി വരും. 250 കോടി രൂപ വരെയാണ് പിഴത്തുകയായി കമ്പനികള്‍ അടക്കേണ്ടി വരുന്നത്.









Discussion about this post