മുംബൈ: നടൻ സൽമാൻഖാന്റെ മുംബൈയിലെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. വീടിന്റെ ബാൽക്കണിയിൽ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വെച്ചു. വൈദ്യുത വേലിയും ഘടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുൻ മന്ത്രിയും അടുത്ത സുഹൃത്തുമായ ബാബ സിദ്ദിഖിയുടെ മരണശേഷം സൽമാന് നിരവധി വധഭീഷണികൾ ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് നടന്റെ വീടിന്റെ സുരക്ഷ വർധിപ്പിച്ചത്.
സൽമാന്റെ കാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു വാഹനവ്യൂഹം എപ്പോഴുമുണ്ടാകാറുണ്ട്. വൈ-പ്ലസ് സെക്യൂരിറ്റിയുള്ള താരത്തിന് പോലീസ് എസ്‌കോർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാവിധത്തിലുമുള്ള ആയുധങ്ങളും കൈകാര്യം ചെയ്യാൻ അറിയാവുന്ന ഒരു കോൺസ്റ്റബിളിനെയും നടന്റെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിച്ചിട്ടുണ്ട്.
തിഹാർ ജയിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധ ഭീഷണി ഉയർത്തിയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാനെതിരെ കേസ് വന്നതിനുപിന്നാലെ 2018-ൽ അദ്ദേഹത്തെ വധിക്കാൻ ബിഷ്‌ണോയ് സമുദായത്തിൽനിന്ന് ചിലർ ആഹ്വാനം ചെയ്തിരുന്നു. നേരത്തെ സൽമാന്റെ വീടിന് നേരെ അജ്ഞാതർ വെടിയുതിർത്തിരുന്നു .
Discussion about this post