ട്രമ്പിനെ പേടിച്ച് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള മെറ്റ പ്ലാറ്റ്ഫോമുകൾ. ഫാക്ട് ചെക്കിങ്ങിൻ്റെ പേരിൽ നടത്തിയിരുന്ന പ്രൊഫൈൽ നിയന്ത്രണങ്ങൾ ഒഴിവാക്കി എക്സ് വഴി പിന്തുടരുകയാണ് മെറ്റ. ഈ പുതിയ നടപടിയുടെ ഭാഗമായി എക്സ്റ്റേണൽ ഫാക്ട് ചെക്കേഴ്‌സിനെ ഒഴിവാക്കുമെന്ന് മെറ്റ വ്യക്തമാക്കി.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന തീരുമാനമാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കിയിരിക്കുന്നത്. ഫാക്ട് ചെക്കർമാരെ ഒഴിവാക്കി പകരം X-ന് സമാനമായ കമ്മ്യൂണിറ്റി നോട്ടുകൾ നൽകാനാണ് മെറ്റ ഒരുങ്ങുന്നത്.
മെറ്റ ഫാക്ട് ചെക്കിങ്ങിൽ എക്സ്റ്റേണൽ ഫാക്ട് ചെക്കർമാരുടെ വകയായുള്ള പക്ഷപാതത്തിൻ്റെയും പിശകുകളുടെയും നിരവധി ഉദാഹരണങ്ങൾ കണക്കിലെടുത്താണ് നടപടി എന്നാണ് മെറ്റ അറിയിക്കുന്നത്. പോസ്റ്റുകൾ തെറ്റായി ഫ്ലാഗുചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്തതായി തോന്നിയ ഉപയോക്താക്കളിൽ നിന്ന് മൂന്നാം കക്ഷി വസ്തുതാ പരിശോധന പ്രോഗ്രാമിന് പലപ്പോഴും വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്.
ഡൊണാൾഡ് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു നടപടിക്കായി മെറ്റ ഒരുങ്ങുന്നത്. ട്രംപ് അധികാരത്തിൽ എത്തുന്നതിനു മുൻപായി തന്നെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് വഴിയൊരുക്കുകയാണ് മെറ്റ. സമീപകാല തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയം സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വീണ്ടും മുൻഗണന നൽകുന്നതിനുള്ള ഒരു സാംസ്കാരിക വഴിത്തിരിവായി തോന്നുന്നു എന്നാണ് കമ്മ്യൂണിറ്റി നോട്ട് മാറ്റത്തെക്കുറിച്ച് വിശദീകരിച്ച് ചൊവ്വാഴ്ച ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സക്കർബർഗ് വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post