ബെംഗളൂരു: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഇസ്‌റോ) പുതിയ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായി ഡയറക്ടർ ഓഫ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ (LPSC), വി നാരായണനെ കേന്ദ്ര സർക്കാർ നിയമിച്ചു. എസ് സോമനാഥിൻ്റെ കാലാവധി അവസാനിക്കുന്ന ജനുവരി 14ന് അദ്ദേഹം ചുമതലയേൽക്കും.
ഡോ. നാരായണൻ തൻ്റെ സ്കൂൾ വിദ്യാഭ്യാസവും ഹയർസെകണ്ടറിയും ഒന്നാം റാങ്കോട് കൂടിയും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എഎംഐഇയും പൂർത്തിയാക്കി. ക്രയോജനിക്കിൽ ഒന്നാം റാങ്കോടെ എം.ടെക് പൂർത്തിയാക്കി. എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ പിഎച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട് .
റോക്കറ്റ് & സ്പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ൽ ഐഎസ്ആർഒയിൽ ചേരുകയും കേന്ദ്രത്തിൻ്റെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ, നാലര വർഷക്കാലം, വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ (VSSC) സൗണ്ടിംഗ് റോക്കറ്റുകളുടെയും ഓഗ്മെൻ്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എഎസ്എൽവി), പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) എന്നിവയുടെ സോളിഡ് പ്രൊപ്പൽഷൻ ഏരിയയിലും പ്രവർത്തിച്ചു
2025 ജനുവരി 7-ന് കാബിനറ്റിൻ്റെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം രണ്ട് വർഷത്തേക്കാണ് അദ്ദേഹം സേവനമനുഷ്ഠിക്കുക. അദ്ദേഹം ഇപ്പോൾ വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (എൽപിഎസ്‌സി) ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.
LPSC ഡയറക്ടർ എന്ന നിലയിൽ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സുപ്രധാന ഘടകമായ GSLV Mk III നായി സിഇ20 ക്രയോജനിക് എഞ്ചിൻ വികസിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ എൽപിഎസ്‌സി 183 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റങ്ങളും കൺട്രോൾ പവർ പ്ലാൻ്റുകളും വിവിധ ഇസ്രോ ദൗത്യങ്ങൾക്കായി വിജയകരമായി പൂർത്തിയാക്കി. ആദിത്യ ബഹിരാകാശ പേടകം, GSLV Mk-III ദൗത്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഇസ്രോ പ്രോജക്റ്റുകൾക്കുള്ള സുപ്രധാന സംഭാവനകൾ അദ്ദേഹത്തിൻ്റെ തായിട്ടുണ്ട്.
അസ്‌ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ശ്രീ അവാർഡും ഐഐടി ഖരഗ്പൂരിൽ നിന്നുള്ള വിശിഷ്ട പൂർവവിദ്യാർത്ഥി അവാർഡും ഉൾപ്പെടെ നിരവധി അഭിമാനകരമായ അവാർഡുകൾ വി നാരായണന് ലഭിച്ചിട്ടുണ്ട്.
കാബിനറ്റ് സെക്രട്ടറി മനീഷ സക്‌സേന ഒപ്പിട്ട നിയമന ഉത്തരവ് ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകളേയും മന്ത്രാലയങ്ങളേയും അറിയിച്ചിട്ടുണ്ട്.
Discussion about this post