അമരാവതി : തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനുള്ള കൂപ്പൺ വിതരണം ദുരന്തമായി മാറി. തിക്കിലും തിരക്കിലും പെട്ട് നാല് ഭക്തർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൈകുണ്ട ഏകാദശി ദിവസത്തെ ദർശനത്തിനായുള്ള കൂപ്പൺ വിതരണം ചെയ്യാൻ ആരംഭിച്ചതോടെ നിയന്ത്രണാതീതമായ രീതിയിൽ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു.
തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. കൂപ്പൺ ലഭിക്കുന്നതിനായി ഭക്തർ പോലീസ് നിയന്ത്രണം ലംഘിച്ച് തിക്കിത്തിരക്കി കയറിയതാണ് ദുരന്തത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചവരിൽ മൂന്നു പേര്‍ സ്ത്രീകളാണ്. ഇവരിൽ ഒരാള്‍ തമിഴ്നാട് സേലം സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സേലം സ്വദേശി മല്ലികയാണ് മരിച്ചത്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സ്ഥലത്ത് കൂടുതൽ പോലീസുകാരെ നിയോഗിക്കുന്നതിനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു.
Discussion about this post