മുംബൈ : മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ ചേരി മാറ്റത്തിന് കളമൊരുങ്ങുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് പവാർ വിഭാഗത്തിൽ നിന്നുമാണ് നിരവധി നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നതെന്നാണ് സൂചന. 6 എംപിമാരും നിരവധി എംഎൽഎമാരും വൈകാതെ തന്നെ പാർട്ടി വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശരദ് പവാർ വിഭാഗത്തിലെ ആറ് പാർലമെൻ്റ് അംഗങ്ങളും നിരവധി എംഎൽഎമാരും തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടൻ പാർട്ടിയിൽ ചേരുമെന്നും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അറിയിച്ചു. നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട വൻ പരാജയത്തെത്തുടർന്നാണ് ശരദ് പവാർ വിഭാഗം നേതാക്കൾ കൂടുമാറ്റത്തിന് ഒരുങ്ങുന്നത്.
എന്നാൽ അജിത് പവാർ തന്റെ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് ഈ വിഷയത്തിൽ ശരദ് പവാർ പ്രതികരിച്ചിരിക്കുന്നത്. അജിത്തിന്റെ പാർട്ടിയിൽ നിന്നുമുള്ള ആളുകൾ തന്റെ പാർട്ടിയിലെ എംപിമാരെയും എംഎൽഎമാരെയും ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഈ ആരോപണം അജിത് പവാർ വിഭാഗം ഉടനെ തന്നെ തള്ളുകയും ചെയ്തു. നിലവിൽ തങ്ങളുടെ പാർട്ടിക്ക് മറ്റുള്ള എംപിമാരെയും എംഎൽഎമാരെയോ ക്ഷണിക്കേണ്ട ആവശ്യം പോലുമില്ല എന്നാണ് അജിത് പവാർ വിഭാഗം വ്യക്തമാക്കുന്നത്.
Discussion about this post