എറണാകുളം: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന് കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കും. വൈദ്യപരിശോധനയ്ക്ക് ശേഷം രാവിലെ 11 മണിയോടെയാകും കോടതിയിലേക്ക് കൊണ്ടുപോകുകക.
എറണാകുളം സിജെഎം കോടതിയിലാണ് അദ്ദേഹത്തെ ഹാജരാക്കുക. നിലവിൽ കൊച്ചി സെൻട്രൽ പോലീസിന്റെ കസ്റ്റയിലാണ് ബോബി ചെമ്മണ്ണൂർ ഉള്ളത്. ഇന്നലെ രാത്രിയോടെ തന്നെ ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ എത്തിച്ച് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
ഇന്നലെ വൈകീട്ടോടെയാണ് വയനാടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിൽ എത്തിച്ചത്. പിടിയിലായതിന് തൊട്ട് പിന്നാലെ തന്നെ അദ്ദേഹത്തിന്റെ ഫോൺ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിരുന്നു. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽ നിന്നും വിശദമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ഇന്നലെ രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. റിസോർട്ട് വളഞ്ഞ് അതിസാഹസികമായിട്ടായിരുന്നു അദ്ദേഹത്തെ പിടികൂടിയത്. മറ്റൊരു സംസ്ഥാനത്തേയ്ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആയിരുന്നു പിടിയിലായത് എന്നാണ് വിവരം.












