ഇസ്ലാമാബാദ് : പാകിസ്താനിൽ കൂട്ട തട്ടിക്കൊണ്ടു പോകൽ. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് അസാധാരണ സംഭവം നടന്നത്. ആണവോർജ ഖനിയിലെ തൊഴിലാളികളെ ആണ് കൂട്ടത്തോടെ തട്ടിക്കൊണ്ടു പോയിട്ടുള്ളത്. ഖനിയിലേക്കുള്ള യാത്രാമധ്യേ വാഹനത്തിൽ നിന്നും 16 തൊഴിലാളികളെ അജ്ഞാതർ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ലക്കി മർവാട്ട് ജില്ലയിലെ ആണവോർജ ഖനി പദ്ധതി പ്രദേശത്തേക്കുള്ള യാത്രാമധ്യേ ആണ് സംഭവം നടന്നത്. യുറേനിയം, പ്ലൂട്ടോണിയം ഖനന സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണിവർ. തൊഴിലാളികൾ സഞ്ചരിച്ച വാഹനം തടഞ്ഞു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഇവരെ മറ്റൊരു വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. തുടർന്ന് അജ്ഞാത സംഘം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീയിടുകയും ചെയ്തു.
നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താന്റെ സ്വാധീന മേഖലയിലാണ് സംഭവം നടന്നിട്ടുള്ളത്. എന്നാൽ ഇതുവരെ ഭീകര ഗ്രൂപ്പുകൾ ഒന്നും തന്നെ തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സുയി നോർത്തേൺ ഗ്യാസ് പൈപ്പ്‌ലൈൻസ് ലിമിറ്റഡിൻ്റെ മൂന്ന് ജീവനക്കാരെ ബന്നുവിലെ ബക്കാ ഖേലിൽ നിന്ന് ഇതേ രീതിയിൽ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post