അമരാവതി : തിരുപ്പതി ദുരന്തത്തിൽ ഇരകളായവർക്ക് ആന്ധ്രപ്രദേശ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചിരുന്നത്.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അനുശോചനങ്ങൾ അറിയിച്ചു. അടുത്ത ദിവസങ്ങളിലായി മരിച്ചവരുടെ കുടുംബങ്ങളിലും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിലും ആന്ധ്ര മുഖ്യമന്ത്രി സന്ദർശനം നടത്തും. ക്ഷേത്രത്തിൽ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകദേശി ദിവസത്തെ ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെയായിരുന്നു ദുരന്തം ഉണ്ടായത്. കൂപ്പൺ കൗണ്ടർ തുറന്നതോടെ ജനങ്ങൾ ഓടിയടുത്തതോടെ കനത്ത തിക്കിലും തിരക്കിലും പെട്ടാണ് ആറ് പേർ മരിച്ചത്. തിരുപ്പതിയിലെ ദുരന്തത്തിൽ മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നുണ്ട്. മരിച്ചവരിൽ മൂന്ന് പേർ വിശാഖപട്ടണം സ്വദേശികളും ഒരാൾ നരസിപട്ടണം സ്വദേശിയും ബാക്കിയുള്ള രണ്ട് പേർ തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.
Discussion about this post