ദില്ലി: ചായക്ക് 150-രൂപ മുതൽ 250 രൂപ വരെ, സമൂസയ്ക്കും മറ്റ് ചെറുപലഹാരങ്ങൾക്കുമൊന്നും പിന്നെ പറയണ്ട, എയർപോർട്ടുകളിലെ ഭക്ഷണ വില വൻ കൊള്ളയാണെന്നുള്ളതാണ് ് പൊതുവേയുള്ള വലിയ പരാതി. ഇപ്പോഴിതാ ഈ കൊള്ളവിലയിൽ വലിയ മാറ്റം ഉണ്ടാകുമെന്ന വിവരമാണ് പാർലമെന്റിൽ ലഭിച്ച മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഭക്ഷണ വില കുറയ്ക്കാനുള്ള നടപടികൾ പ്രധാനമന്ത്രി ഇടപെട്ട് നടപ്പിലാക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ഉഡാൻ യാത്രി കഫേ എന്നപേരിൽ മിതമായ വിലയ്ക്ക് ഭക്ഷണപാനീയങ്ങൾ ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്രം തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാകും ആദ്യം പദ്ധതി നടപ്പിലാക്കുകയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു വ്യക്തമാക്കിയിരുന്നു.
ഉഡാൻ സ്‌കീം വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പ്രത്യേകം ഭക്ഷണം നൽകും. കൊൽക്കത്ത എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഏരിയയിലാണ് ഉഡാൻ യാത്രി കഫേ കിയോസ്‌കുകൾ അവതരിപ്പിക്കുന്നത്. വൈകാതെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ സംരംഭം വ്യാപിപ്പിക്കും. ചായ, കാപ്പി, സ്നാക്സ്, വെള്ളം എന്നിവയാകും ആദ്യ ഘട്ടത്തിൽ കിയോസ്‌കുകളിൽ ഉണ്ടാകുക.
Discussion about this post