ന്യൂഡൽഹി: ഇന്ത്യയിലെ സ്വവർഗ വിവാഹങ്ങൾക്കുള്ള നിയമപരമായ അംഗീകാരം നിരസിച്ച സുപ്രധാന തീരുമാനത്തെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബിആർ ഗവായ്, സൂര്യകാന്ത്,ബിവി നാഗരത്‌ന,പിഎസ് നരസിംഹ,ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം.
പുനഃപരിശോധ ഹർജികളിൽ വാദം തുറന്ന കോടതികളിൽ കേൾക്കാൻ സുപ്രീംകോടതി അനുമതി നിഷേധിച്ചിരുന്നു. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ, നേരത്തെയുള്ള വിധിയിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ നിയമാനുസൃതമാണെന്നും കൂടുതൽ ഇടപെടൽ ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. തൽഫലമായി, തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ പുനഃപരിശോധനാ ഹർജികളും തള്ളപ്പെട്ടു.
നേരത്തെ പുറപ്പെടുവിച്ച ഒരു വിധിന്യായത്തിൽ, സ്വവർഗ പങ്കാളികൾക്ക് നിയമപരമായ അനുമതി നൽകുന്നതിന് ഭരണഘടനാപരമായ അടിസ്ഥാനമില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.വിവാഹത്തെ മൗലിക അവകാശമായി അംഗീകരിക്കാനാണ് സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നത്. സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള അധികാരം നിയമനിർമാണ സഭകൾക്കാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ വിഷയത്തിൽ കേന്ദ്രസർക്കാർ സമിതി രൂപീകരിച്ച് സ്വവർഗാനുരാഗികളുടെ ആശങ്കങ്ങൾ പരിഹരിക്കണമെന്നും കോടതി പറഞ്ഞിരുന്നു.സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം ലഭ്യമാക്കുന്നതിന് അനുകൂല സാഹചര്യമല്ല നിലനിൽക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Discussion about this post