ഒട്ടാവ: വരാനിരിക്കുന്ന കനേഡിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ഇന്ത്യൻ വംശജനും കനേഡിയൻ എപിയുമായ ചന്ദ്ര ആര്യ. കനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ പങ്കെടുക്കുമെന്ന് ചന്ദ്ര ആര്യ പ്രഖ്യാപിച്ചു. രാഷ്ട്രത്തെ പുനഃനിർമ്മിക്കാൻ കാര്യക്ഷമമായി സർക്കാരിനെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതമന്ത്രിയും ഇന്ത്യൻ വംശജയുമായ അനിത ആനന്ദിന്റെ പേരും പ്രസിഡന്റ് മത്സരസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നതിനിടെയാണ് ചന്ദ്ര ആര്യയുടെ ഈ പ്രഖ്യാപനം. ഇതോടെ കനേഡിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് ഭാരതീയരായ ഹിന്ദുനേതാക്കൾ പരസ്പരം മത്സരിക്കുന്നതിന് കളമൊരുങ്ങും.
നമ്മുടെ രാഷ്ട്രത്തെ പുനർനിർമിക്കുന്നതിനും ഭാവി തലമുറകൾക്ക് അഭിവൃദ്ധി ഉറപ്പാക്കുന്നതിനുമായി കാര്യക്ഷമമായ ഒരു സർക്കാരിനെ നയിക്കാനായി കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഞാൻ ആഗ്രഹിക്കുന്നു. തലമുറകളായി കണ്ടിട്ടില്ലാത്ത ഘടനാപരമായ പ്രശ്‌നങ്ങൾ നമ്മൾ അഭിമുഖീകരിക്കുന്നു. അവ പരിഹരിക്കുന്നതിന് കഠിനമായ തിരഞ്ഞെടുപ്പുകൾ ആവശ്യമാണ്. നമ്മുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും വേണ്ടി, ധീരമായ തീരുമാനങ്ങൾ എടുക്കണം. ലിബറൽ പാർട്ടിയുടെ അടുത്ത നേതാവായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, എന്റെ അറിവും വൈദഗ്ധ്യവും ഞാൻ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കുറിച്ചു. പല കനേഡിയൻമാരും, പ്രത്യേകിച്ച് യുവതലമുറ കാര്യമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. അധ്വാനിക്കുന്ന മധ്യവർഗം ഇന്ന് ബുദ്ധിമുട്ടുകയാണ്. നിരവധി തൊഴിലാളി കുടുംബങ്ങൾ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനും അടുത്ത പ്രധാനമന്ത്രിയായി കാനഡയെ നയിക്കാനും ഞാൻ മുന്നോട്ടുപോകുന്നു. ഈ യാത്രയിൽ എന്നോടൊപ്പം ചേരൂ. നമുക്ക് പുനർനിർമിക്കാം, പുനരുജ്ജീവിപ്പിക്കാം, ഭാവി സുരക്ഷിതമാക്കാം ചന്ദ്ര ആര്യ പറഞ്ഞു.
കർണാടകയിലെ തുംകൂർ ജില്ലയിലെ സിറ താലൂക്കിലെ ദ്വാർലു ഗ്രാമമാണ് 61 കാരനായ ചന്ദ്ര ആര്യയെന്ന ചന്ദ്രകാന്ത് ആര്യയുടെ സ്വദേശം.ധാർവാഡിലെ കൗസലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ (എംബിഎ) ബിരുദാനന്തര ബിരുദം നേടി. 2006ലാണ് കാനഡയിലേക്ക് കുടിയേറിയത്.
ഹൗസ് ഓഫ് കോമൺസിലെ നിലവിലെ അംഗമാണ് ചന്ദ്ര ആര്യ. നവംബറിൽ, ഹിന്ദു പൈതൃക മാസത്തെ അടയാളപ്പെടുത്തുന്നതിനായി ചന്ദ്ര ആര്യ കനേഡിയൻ പാർലമെന്റിനു പുറത്ത് ‘ഓം’ ചിഹ്നമുള്ള ത്രികോണ കാവി പതാക ഉയർത്തിയിരുന്നു. 2022 നവംബറിൽ, നവംബർ ഹിന്ദു പൈതൃക മാസമാണെന്ന് പ്രഖ്യാപിച്ച ആര്യയുടെ സ്വകാര്യ ബിൽ ഐകകണ്‌ഠേന പാസാക്കിയതിന് പിന്നാലെയായിരുന്നു ഇത്. പരിപാടി ആഘോഷിക്കാൻ ആര്യ പാർലമെൻ്റ് ഹില്ലിൽ പതാക ഉയർത്തിയത്. ഇതിന് പിന്നാലെ ; ഹിന്ദു ദേശീയ സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘിനെയാണ് പതാക പ്രതിനിധീകരിക്കുന്നത് എന്ന് ആരോപണം ഉയർന്നു. പിന്നാലെ പതാക “ഹിന്ദു വിശ്വാസത്തെ പ്രതിനിധീകരിക്കുന്നു” എന്നും “ഒരു രാഷ്ട്രീയ സംഘടനയെയും പിന്തുണയ്ക്കുന്നില്ലെന്നും ചന്ദ്ര വ്യക്തമാക്കിയിരുന്നു.
ജസ്റ്റിൻ ട്രൂഡോയെ പിന്തുണയ്ക്കുന്നയാളാണ്. 2015ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ചന്ദ്ര ആര്യ 2019ലെ തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2022ൽ കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ കന്നഡയിൽ സംസാരിച്ച ചന്ദ്ര ആര്യയുടെ വീഡിയോ ഏറെ വൈറലായിരുന്നു.
Discussion about this post