ന്യൂയോർക്ക്: കഴിഞ്ഞ വർഷം നാം കടന്ന് പോയത് കൊടും ചൂടാർന്ന ദിനങ്ങളിലൂടെ. 2024 ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടുകൂടിയ വർഷം ആയിരുന്നുവെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഇതിന്റെയെല്ലാം ഫലമാണ് ലോസ് ഏഞ്ചൽസിലെ കാട്ട് തീ എന്നും ഗവേഷകർ വ്യക്തമാക്കുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് ജോർജിയയിലെ മെട്രോളജിയിലെ പ്രൊഫസർ ആയ മാർഷൽ ഷെപ്പേഡ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഇക്കാര്യം സാധൂകരിക്കുന്ന ചില ഉദാഹരണങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു. ഹെലൻ ചുഴലിക്കാറ്റ്, സ്‌പെയിനിലെ വെള്ളപ്പൊക്കം എന്നിവ ഉദാഹരണമായി എടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. കാലിഫോർണിയയിൽ ഇപ്പോൾ വ്യാപിക്കുന്ന കാട്ടുതീയും ഇതിനുള്ള തെളിവാണ്.
2015 ലെ പാരിസ് കാലാവസ്ഥാ ഉച്ചകോടിയിലെ ധാരണപ്രകാരം ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസിൽ കൂടരുത് എന്നാണ്. എന്നാൽ കഴിഞ്ഞ വർഷം ഇത് ഉയർന്നു. യൂറോപ്യൻ കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന വിവരങ്ങൾ പ്രകാരം 1.6 ഡിഗ്രി ചൂടാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ജപ്പാനിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഇത് 1.57 ഡിഗ്രി സെൽഷ്യസ് ആണ്. മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത് എന്നാണ് ഇതിനോട് യുറോപ്യൻ ഏജൻസികൾ പ്രതികരിക്കുന്നത്.
Discussion about this post