സന: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് മുൻകെെയെടുത്ത് ഇറാൻ ഉദ്യോഗസ്ഥർ. നിമിഷ പ്രിയയുടെ ജയില്‍ മോചനത്തില്‍ നേരിയ പ്രതീക്ഷകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്താൻ ഇറാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തലാൽ അബ്ദുമെഹ്ദിയുടെ കുടുംബത്തിന് ബ്ലഡ് മണി വാഗ്ദാനം ചെയ്ത് മാപ്പ് ചോദിച്ചാൽ നിമിഷ പ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കാൻ സാദ്ധ്യതയുണ്ട്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ് കുറ്റകൃത്യം നടന്നത്. നിമിഷ പ്രിയ കഴിയുന്ന ജയിലും അവരുടെ നിയന്ത്രണ മേഖലയിലാണ്. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവും വിമത പ്രസിഡൻറുമായ മെഹ്ദി അൽ മഷാദാണ് വധശിക്ഷ അംഗീകരിച്ചത്. ഹൂതികളുടെ സഹായത്തോടെയാണ് തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ഇറാനിലെ ഉദ്യോഗസ്ഥർ
ചർച്ച നടത്താനാൻ ശ്രമിക്കുന്നത്. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കാമെന്ന് ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ പുതിയ നീക്കം.
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷദ് അൽ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമൻ അറിയിച്ചു. വധശിക്ഷക്ക് അംഗീകാരം നൽകിയത് ഹൂതി സുപ്രീം കൗൺസിലാണെന്നും ഡൽഹിയിലെ യെമൻ എംബസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
Discussion about this post