ന്യൂഡൽഹി ; അഫ്ഗാനിസ്ഥാൻ പൗരന്മാർക്കുള്ള വിസ സർവീസ് ഇന്ത്യ പുഃനസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് താലിബാൻ ഭരകൂടം. അഫ്ഗാനിസ്ഥാൻ ചുമതലയുള്ള വിദേശ്യകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താഖിയും ഇന്ത്യൻ വിദേശ്യകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് അഫ്ഗാനിസ്ഥാൻ വിദേശ്യകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താഖി ഇക്കാര്യം ആവശ്യപ്പെട്ടത്.
‘അഫ്ഗാനിസ്ഥാൻ ഒരു രാജ്യത്തിനും ഭീഷണിയാവില്ലെന്ന് എഫ്എം മുത്താഖി ഇന്ത്യൻ പ്രതിനിധി സംഘത്തിന് ഉറപ്പുനൽക്കുകയും ചെയ്തു. കൂടാതെ നയതന്ത്ര ബന്ധങ്ങളുടെ നിലവാരം ഉയർത്താനും അഫ്ഗാൻ ബിസിനസുകാർക്കും രോഗികൾക്കും വിദ്യാർത്ഥികൾക്കും ഇന്ത്യ വിസ വ്യവസ്ഥ ലഘൂകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
താലിബാൻ ഭരണം വന്ന സാഹചര്യത്തിൽ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിസ നൽകുന്നത് നിർത്തിവച്ചത്. താലിബാൻ ഭരണകൂടവുമായി ഔദ്യോഗിക ബന്ധം ഇന്ത്യയ്ക്കില്ലാത്ത സാഹചര്യത്തിൽ വിസ നൽകുന്നതിൽ ഉന്നത തലത്തിലെ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളേണ്ടി വരും. പാകിസ്താനും താലിബാനും ഇടയിലെ സംഘർഷം കാരണം അഫ്ഗാനിലേക്ക് മടങ്ങിയ അഭയാർത്ഥികൾക്ക് മാനുഷിക സഹായം നല്കാൻ ഇന്ത്യ സമ്മതിക്കുകയും ചെയ്തു.
‘രാജ്യത്തെ സുരക്ഷ ഉറപ്പാക്കുന്നതിലും മയക്കുമരുന്ന്, അഴിമതി എന്നിവയ്ക്കെതിരെ പോരാടുന്നതിലും അഫ്ഗാനിസ്ഥാന്റെ ശ്രമങ്ങളെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി അഭിനന്ദിച്ചു. അഫ്ഗാനിസ്ഥാനുമായി രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധം വിപുലീകരിക്കുന്നതിനും ചബഹാർ തുറമുഖം വഴി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ താൽപ്പര്യം അറിയിക്കുകയും ചെയ്തു .
ഇന്ത്യ ഇതുവരെ താലിബാൻ ഭരണത്തെ അംഗീകരിച്ചിട്ടില്ല. കാബൂളിൽ യഥാർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി ഇന്ത്യ പോരാടുകയാണ്. അഫ്ഗാൻ മണ്ണ് ഒരു രാജ്യത്തിനും എതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കൂടാതെ അഫ്ഗാൻ ഭാഗത്തുനിന്നുള്ള അഭ്യർത്ഥനയ്ക്ക് മറുപടിയായി, ആരോഗ്യ മേഖലയ്ക്കും അഭയാർത്ഥികളുടെ പുനരധിവാസത്തിനും ഇന്ത്യ ആദ്യ ഘട്ടത്തിൽ കൂടുതൽ ഭൗതിക പിന്തുണ നൽകുമെന്നും അറിയിച്ചു.
Discussion about this post