കൊച്ചി: ‘മെട്രോ കണക്ട്’ ഇലക്ട്രിക് ബസ് സര്‍വ്വീസ് അടുത്ത ആഴ്ച മുതല്‍. വിവിധ റൂട്ടുകളില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. ആലൂവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളെജ്, ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.
ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് എന്ന് കെഎംആര്‍.എല്‍ മനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബഹ്‌റ പറഞ്ഞു.
മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍. ബസില്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴിയാണ് ടിക്കറ്റിംഗ്. കാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും രൂപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് എന്നിവ വഴിയും പേയ്മെന്റ് നടത്താം. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്ട്രേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വ്വീസ് നടത്തുന്നത്
എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വ്വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വ്വീസ്. കളമശേരി-മെഡിക്കല്‍ കോളെജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്.
Discussion about this post