ചെന്നൈ: തെന്നിന്ത്യൻ നടി നിത്യ മേനനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. സഹപ്രവർത്തകരെ അപമാനിച്ചതിനാണ് നടിയ്ക്ക് നേരെ വിമർശനം ഉയരുന്നത്. കോവിഡ് ബാധ ചൂണ്ടിക്കാട്ടി നടി സഹപ്രവർത്തകരെ ആലിംഗനം ചെയ്യുന്നതിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെയാണ് നടിയ്ക്ക് നേരെ വിമർശനം ആരംഭിച്ചത്.
ജയംരവി നായകനായ കാതലിക്ക നേരമില്ലൈ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ ആയിരുന്നു സംഭവം. വേദിയിലേക്ക് കയറിയ നിത്യയെ കണ്ട് സിനിമയുടെ അസിസ്റ്റന്റ് ആയ ഒരാൾ ഹസ്തദാനം ചെയ്യാനായി എത്തി. എന്നാൽ നടി അത് നിരസിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടായിയുരുന്നു നടി നിരസിച്ചത്. കോവിഡ് ബാധയുണ്ടെന്നും ഇത് നിങ്ങൾക്കും വരുമെന്നും നടി അദ്ദേഹത്തോട് പറഞ്ഞു. ഇതേ തുടർന്ന് ഹസ്തദാനം നൽകാതെ അദ്ദേഹം തിരികെ പോയി.
എന്നാൽ ഇതിന് തൊട്ട് പിന്നാലെ വേദിയിലേക്ക് കയറിയ വിനയ് റായിയെ നടി ആലിംഗനം ചെയ്തു. വേദിയിൽ വച്ച് സംവിധായകൻ മഷ്‌കിനെ ആലിംഗനം ചെയ്യാനും നടി വിസമ്മതിച്ചു. എന്നാൽ ഇതിന് ശേഷം അദ്ദേഹത്തിന്റെ കവിളിൽ നടി ചുംബിക്കുന്നുണ്ട്. വേദിയിൽ എത്തിയ ജയംരവിയെയും നടി കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവയ്ക്കുന്നുണ്ട്.
നടന്മാരെ മാത്രം ആലിംഗനം ചെയ്ത നിത്യ സിനിമയിലെ സഹപ്രവർത്തകരെ അപമാനിച്ചുവെന്ന് ആളുകൾ വിമർശിച്ചു. സിനിമയിലെ അസിസ്റ്റന്റ്മാരും ജൂനിയർ ആർട്ടിസ്റ്റുകളുമെല്ലാം മനുഷ്യന്മാരാണ്. അവരെ കെട്ടിപ്പിടിയ്ക്കുന്നത് കൊണ്ടോ അവർക്ക് കൈ നൽകുന്നത് കൊണ്ടോ യാതൊരു പ്രശ്‌നവും ഇല്ലെന്നും വിമർശനം ഉയരുന്നുണ്ട്.
Discussion about this post