പ്രയാഗ്രാജ്: വരുന്ന ജനുവരി 13 മുതൽ നടക്കുന്ന മഹാ കുംഭമേളയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ പ്രത്യേക എഫ് എം ചാനൽ അവതരിപ്പിച്ച് ആകാശവാണി. ‘കുംഭവാണി’ എന്ന പേരിലാണ് എഫ് എം ചാനൽ ആരംഭിച്ചിരിക്കുന്നത്. ഇന്നലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കുംഭവാണി എഫ് എം ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 26 വരെ ദിവസവും രാവിലെ 5:55 മുതൽ രാത്രി 10:05 വരെയാണ് പ്രക്ഷേപണം.
103.5 MHz ഫ്രീക്വൻസിയിലാണ് എഫ് എം ചാനൽ പ്രക്ഷേപണം ചെയ്യുന്നത്.
മഹാ കുംഭമേളയ്ക്ക് എത്താൻ കഴിയാത്തവരിലേക്ക് കുംഭവാണി എത്തുമെന്ന് എഫ് എം ചാനൽ ഉദ്ഘാടനം ചെയ്തു കൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു. പ്രത്യേക എഫ് എം ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പ്രസാർ ഭാരതിയോടും അദ്ദേഹം നന്ദി അറിയിച്ചു.
കുംഭമേളയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിട്ടും അതിന് സാധിക്കത്തവർക്ക് കുംഭവാണിയിലൂടെ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. എല്ലാ വിവരങ്ങളും വിദൂര ഗ്രാമങ്ങളിലേക്ക് ഉൾപ്പെടെ എത്തിക്കുന്നതിനുള്ള ഒരു സുപ്രധാന മാദ്ധ്യമമായി കുംഭവാണി പ്രവർത്തിക്കും. നാടോടി പാരമ്പര്യങ്ങളോടും സംസ്‌കാരത്തോടും ജനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ മാദ്ധ്യമമാണ് ആകാശവാണി. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോൾ ദൂരദർശൻ ദൃശ്യമാധ്യമങ്ങൾ അവതരിപ്പിച്ചു. പിന്നീട് നിരവധി സ്വകാര്യ ചാനലുകൾ ഉയർന്നുവന്നു. വളർന്നുകൊണ്ടിരിക്കുന്ന മാദ്ധ്യമ മേഖലയുമായി പൊരുത്തപ്പെടാൻ പ്രസാർ ഭാരതി ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചു. വിദൂര പ്രദേശങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതിന് നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് 2013ലെയും 2019ലെയും കുംഭമേളകളിൽ പ്രത്യേക എഫ്എം ചാനലായി കുംഭവാണി ആരംഭിച്ചിരുന്നുവെന്നും ഇപ്പോൾ വീണ്ടും 2025ൽ കുംഭവാണി തിരികെ എത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മഹാ കുംഭമേള സംഗീത സാന്ദ്രമാക്കാന്‍ ശങ്കർ മഹാദേവൻ. ശങ്കർ മഹാദേവൻ മുതൽ മോഹിത് ചൗഹാൻ വരെയുള്ള പ്രമുഖ കലാകാരന്മാരുടെ സംഗമഭൂമിയാകാൻ പ്രയാഗ്രാജ് ഒരുങ്ങുകയാണ്. ശങ്കർ മഹാദേവൻ ഉദ്ഘാടന ദിവസം പരിപാടി അവതരിപ്പിക്കും.
Discussion about this post