മുംബൈ: സ്മാർട്ട്‌ഫോണിനായി വാശിപിടിച്ച് മകൻ ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച അതേ കയർ ഉപയോഗിച്ച് ജീവനൊടുക്കി പിതാവും. മഹരാഷ്ട്രയിലെ നന്ദേഡിലാണ് ദാരുണസംഭവം. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് മിനാക്കിയിലെ ഇവരുടെ കുടുംബ ഫാമിലെ മരത്തിൽ ഓംകാർ എന്ന 16 കാരനായ മകനെയും കർഷകനായ അച്ഛനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ മരത്തിൽ തൂങ്ങിമരിച്ചു കിടക്കുന്നത് കണ്ട പിതാവ് അതേ മരത്തിൽ അതേ കയർ ഉപയോഗിച്ച് തന്നെ തൂങ്ങി മരിക്കുകയായിരുന്നുവത്രേ.
അവധിആഘോഷിക്കാനായി ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് വന്നതായിരുന്നു കർഷകന്റെ മൂന്നു മക്കളിൽ ഏറ്റവും ഇളയ ആളായ ഓംകാർ. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒരു സ്മാർട്ട്‌ഫോൺ വേണമെന്ന് ഓംകാർ പിതാവിനോട് പറഞ്ഞിരുന്നു. എന്നാൽ പണമില്ലാത്തിനാൽ കുടുംബം ഇത് നിഷേധിച്ചു. വൈകീട്ട് കുട്ടി വീണ്ടും ആവശ്യം ഉന്നയിച്ചപ്പോൾ ഫാമിനും വാഹനത്തിനും എടുത്ത കടം തിരിച്ചടയ്‌ക്കേണ്ടതിനാൽ സ്മാർട്ട്‌ഫോൺ വാങ്ങാനുള്ള കഴിവില്ലെന്ന് പിതാവറിയിച്ചു.
ഇതിൽ മനൊന്താണ് ഓംകാർ വീടുവിട്ടിറങ്ങിയത്. ഫാമിലേക്ക് പോയതായിരിക്കാം എന്നാണ് വീട്ടുകാർ കരുതിയത്. പിറ്റേന്ന് തിരിച്ചെത്താത്തതിനെ തുടർന്ന് തിരിച്ചിൽ നടത്തിയപ്പോഴാണ് മരത്തിൽ തൂങ്ങി മരിച്ചു കിടക്കുന്ന മകൻറെ മൃതദേഹം പിതാവ് കണ്ടത്. മകന്റെ മരണം താങ്ങാനാകാതെ മകൻ തൂങ്ങിമരിച്ച അതേ കയറിൽ പിതാവും ജീവനൊടുക്കുകയായിരുന്നു.
Discussion about this post