രണ്ടാം ഏകദിനത്തിലും അയർലൻ്റിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ. രാജ്കോട്ട് ഏകദിനത്തിൽ 116 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ അഞ്ച് വിക്കറ്റിന് 370 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് അയർലൻ്റിന് മുന്നിൽ വച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻ്റ് വനിതകൾക്ക് നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തിന് 254 റൺസ് മാത്രം. കന്നി സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗ്സിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നല്കിയത്. ക്യാപ്റ്റൻ സ്മൃതി മന്ഥാനയും പ്രതിക റാവലും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടിൽ 156 റൺസ് പിറന്നു. 13ആം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. സ്മൃതി മന്ഥാന 54 പന്തുകളിൽ 73ഉം, പ്രതിക റാവൽ 61 പന്തുകളിൽ 67ഉം റൺസെടുത്തു. തുടർന്ന് ജമീമ റോഡ്രിഗ്സും ഹർലീൻ ഡിയോളും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. 183 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ജമീമ 91 പന്തുകളിൽ 102 റൺസ് നേടിയപ്പോൾ വെറും 11 റൺസകലെ ഹർലീന് അർഹിച്ച സെഞ്ച്വറി നഷ്ടമായി. 12 ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു ഇരുവരുടെയും ഇന്നിങ്സ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻ്റ് നിരയിൽ ക്രിസ്റ്റീന റെയ്ലി മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ക്രിസ്റ്റീന 80 റൺസെടുത്ത് പുറത്തായി. സാറ ഫോബ്സ് 38ഉം ലോറ ഡെലനി 37ഉം റൺസെടുത്തു. പത്ത് ഓവറിൽ വെറും 37 റൺസ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയാണ് ഇന്ത്യൻ ബൌളിങ് നിരയിൽ തിളങ്ങിയത്. പ്രിയ മിശ്ര രണ്ട് വിക്കറ്റ് വീഴത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ജമീമ റോഡ്രിഗ്സാണ് മത്സരത്തിലെ താരം. മൂന്നാം ഏകദിനം ബുധനാഴ്ച രാജ്കോട്ടിൽ തന്നെ നടക്കും.
Discussion about this post