ലഖ്‌നൗ : മഹാകുംഭമേളയിലെ ത്രിവേണി സംഗമ സ്നാനത്തിനെത്തുന്ന ഭക്തർക്കായി വൻ സുരക്ഷാസനാഹങ്ങൾ ഒരുക്കി ഉത്തർപ്രദേശ് സർക്കാർ. 50 സ്നാൻ ഘട്ടുകളിലായി 330 മുങ്ങൽ വിദഗ്ധരെ അടക്കമാണ് യോഗി സർക്കാർ വിന്യസിച്ചിരിക്കുന്നത്. കൂടാതെ, 11 എഫ്ആർപികളും നാല് അനക്കോണ്ട ബോട്ടുകളും നാല് വാട്ടർ ആംബുലൻസുകളും വിന്യസിച്ചിട്ടുണ്ട്.
സംഗമ സ്നാനത്തിന് രണ്ട് ദിവസം മുൻപേ തന്നെ ഉത്തർപ്രദേശ് സർക്കാരിന്റെ ജല പോലീസ് തയ്യാറാക്കിയ ജലഗതാഗത-സുരക്ഷാ പദ്ധതി നടപ്പാക്കി. സംഗമത്തിൽ നിന്ന് മറ്റെല്ലാ സ്നാനഘട്ടുകളിലേക്കും മുങ്ങൽ വിദഗ്ധരെ വിന്യസിച്ചിട്ടുണ്ട്. ഇവരിൽ 130 പേർ പോലീസിലും മറ്റു സേനകളിലും ഉൾപ്പെട്ടിട്ടുള്ളവരാണ്. 200 പേർ സ്വകാര്യ മുങ്ങൽ വിദഗ്ധരാണ്. ഓക്‌സിജൻ സിലിണ്ടറുകളില്ലാതെ നദിയിൽ ആഴത്തിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്താൻ പ്രാപ്തരാണ് ഇവർ.
ഇതിനുപുറമെ എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയുടെ 3800 സൈനികരെയും 10 കമ്പനി പിഎസി വെള്ളപ്പൊക്ക ദുരിതാശ്വാസ സംഘത്തെയും സംഗമ സ്നാന പ്രദേശത്ത് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും സ്നാൻ ഘാട്ടുകളിൽ സുരക്ഷ ഒരുക്കാനാണ് യോഗി സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
Discussion about this post