മുംബൈ: ചതിയന്മാർക്ക് ബി ജെ പി യിൽ സ്ഥാനമില്ല എന്ന് തുറന്നടിച്ച് അമിത് ഷാ. മഹാരാഷ്ട്രയിലെ ഷിർദിയിൽ നടന്ന ബി. ജെ. പി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശങ്ങൾ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നേതാവ് ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ടു കൊണ്ടാണ്അമിത് ഷാ പ്രസ്താവന നടത്തിയത് എന്നാണ് കരുതപ്പെടുന്നത്. ഇതോടു കൂടി മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അനുരഞ്ജനത്തിന്റെ എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അത് പൂർണ്ണമായും അടക്കുകയാണ് അമിത് ഷാ ചെയ്തിരിക്കുന്നത്.
അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി നേടിയ വമ്പിച്ച വിജയം ആഘോഷിക്കുന്നതിനിടെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രസംഗം. പാർട്ടിയുടെ അച്ചടക്കമുള്ള നേതൃത്വവും താഴേത്തട്ടിൽ പ്രവർത്തിക്കുന്നവരുമാണ് വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം “വഞ്ചനയുടെ രാഷ്ട്രീയവുമായി” മുന്നോട്ട് പോയ നേതാക്കളെ നിരസിച്ചതിന് മഹാരാഷ്ട്രയിലെ വോട്ടർമാരെ അദ്ദേഹം പ്രശംസിച്ചു.
ബി. ജെ. പിയും ഉദ്ധവ് താക്കറെയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത 2019 ലെ മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നാണ് ആരംഭിക്കുന്നത് . താക്കറെ തന്റെ പാർട്ടിയുടെ ദീർഘകാല സഖ്യകക്ഷിയായ ബിജെപിയുമായി പിരിഞ്ഞ് കോൺഗ്രസിനും എൻസിപിക്കുമൊപ്പം മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ രൂപീകരിക്കുകയായിരുന്നു .
ബി. ജെ. പിയെ സംബന്ധിച്ചിടത്തോളം ഇത് ഹിന്ദുത്വത്തിൽ വേരൂന്നിയ പ്രത്യയശാസ്ത്രപരമായ പങ്കാളിത്തത്തോടുള്ള വഞ്ചനയായിരുന്നു. താക്കറെയെ “ചതിയൻ ” എന്ന് വിളിച്ചുകൊണ്ട് ഷാ തന്റെ നിലപാട് വ്യക്തമാക്കുകയും രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പുനരേകീകരണത്തെക്കുറിച്ചുള്ള എന്തെങ്കിലും സാധ്യതകൾ തള്ളിക്കളയുകയുമാണ് ചെയ്തിരിക്കുന്നത്.
Discussion about this post