ഒരു വ്യക്തി മരിക്കുമ്പോൾ, അയാളുടെ ഭൗതിക വസ്തുക്കൾ മാത്രമല്ല, അയാളുടെ ഓർമകളും അനുഭവങ്ങളുമെല്ലാം കൂടിയാണ് ഇല്ലാതാവുന്നത്. ഇന്നും ആർക്കും വ്യക്തതയില്ലാത്ത ഒന്നാണ് മരണത്തിന് പിന്നിലെ രഹസ്യം എന്താണെന്ന്. ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ, അയാൾക്ക് എന്തു സംഭവിക്കുന്നുവെന്നത് ഇനിയും കണ്ടെത്താനാവാത്ത ചോദ്യമാണ്.
മരിച്ച ഒരു വ്യക്തിയുടെ തലച്ചോറിൽ നിലനിൽക്കുന്ന ഓർമ്മകൾ വീണ്ടെടുക്കാൻ എപ്പോഴെങ്കിലും കഴിയുമോ?
മരിച്ചു കഴിഞ്ഞാലും ഒരാളുടെ ഓർമകളുടെ ചില ഭാഗങ്ങൾ വീണ്ടെടുക്കുന്നതിന് സാധ്യമായേക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. എന്നാൽ, ഇതിന് പ്രത്യേക ഘട്ടങ്ങളുണ്ടെന്ന് സതേൺ കാലിഫോർണിയ സർവകലാശാലയിലെ ന്യൂറോ സയന്റിസ്റ്റ് ആയ ഡോൺ അർണോൾഡ് പറയുന്നു. ഇതിനായി ആദ്യം തലച്ചോറിലെ ഒരു പ്രത്യേക മെമ്മറി എൻകോഡ് ചെയ്ത തലച്ചോറിലെ കോശങ്ങൾ തിരിച്ചറിയുകയും അവ എങ്ങനെയാണ് ബന്ധിച്ചിരിക്കുന്നു എന്ന് മനസിലാക്കുകയും ചെയ്യണം. ഇതിന് ശേഷം, മസ്തിഷ്‌കം പ്രവർത്തിക്കുന്ന രീതിയെ അനുകരിക്കുന്ന ഒരു ഏകദേശ ന്യൂറൽ നെറ്റ്‌വർക്ക് സൃഷ്ടിക്കാൻ ഈ ന്യൂറോണുകളെ സീകരിക്കണം. എലികളിൽ ഈ പരീക്ഷണം വിജയകരമായിരുന്നെങ്കിലും മനുഷ്യനിൽ ഇതൽപ്പം സങ്കീർണമാകും.
മനുഷ്യനിൽ ഓർമകൾ പലപ്പോഴും സങ്കീർണമാണ്. ഒരു വ്യക്തിയുമായോ ഒരു സ്ഥലവുമായോ ഒരു ബന്ധവുമായോ ബന്ധപ്പെട്ടിരിക്കുന്ന ദീർഘകാല ഓർമകളാണ് ഇവ. അതുകൊണ്ട് തന്നെ മരിച്ച ഒരാളുടെ ഓർമകൾ തിരിച്ചെടുക്കുക എന്നത് അൽപ്പം സങ്കീർണമായ കാര്യമാണ്. ഈ ഓർമകൾ ഒരു മനുഷ്യന്റെ തലച്ചോറിൽ ചിതറിക്കിടക്കുന്നതു കൊണ്ടാണ് ഇവ ഇത്രയേറെ സങ്കീർണമായി മാറുന്നത്. മാത്രമല്ല, ഈ ഓർമകൾ പലപ്പോഴും പൂർണമായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന് എന്നോ ഒരിക്കൽ നിങ്ങൾ പങ്കെടുത്ത ഒരു പാർട്ടിയിൽ ചിലപ്പോൾ കഴിച്ച ഭക്ഷണത്തെ കുറിച്ച് നിങ്ങൾ ഓർത്തേക്കാം.. എന്നാൽ, ആരൊക്കെയായിരുന്നു ആ പാർട്ടിയിൽ പങ്കെടുത്തിരുന്നത് എന്നതിനെ കുറിച്ചുള്ള പൂർണമായുളള ഓർമ നിങ്ങൾക്ക് ഉണ്ടാകണമെന്നില്ല. നേരെ തിരിച്ചും സംഭവിക്കാനിടയുണ്ട്. അതായത് ഒരു അനുഭവത്തെ കുറിച്ച് നിങ്ങൾക്ക് ഓർമയുണ്ടെങ്കിലും അതിനെ കുറിച്ചുള്ള വ്യക്തമായ ഓർമ നിങ്ങളിൽ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തന്നെ ഈ ഓർമകളെ പൂർണമായും തിരിച്ചെടുക്കാൻ കഴിഞ്ഞെന്ന് വരില്ല.













Discussion about this post