ചെന്നൈ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ എടിഎസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ അനധികൃതമായി തങ്ങിയിരുന്ന 31 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിലായി. അനധികൃത കുടിയേറ്റക്കാരായ 28 ബംഗ്ലാദേശികളെ റൂറൽ പല്ലടം പ്രദേശത്തുനിന്നും മറ്റുള്ളവരെ വീരപാണ്ടി, നല്ലൂർ എന്നിവിടങ്ങളിൽനിന്നുമാണ് പിടികൂടിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി കുടിയേറി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായാണ് തീവ്രവാദ വിരുദ്ധ സേന തിരുപ്പൂരിൽ വ്യാപക റെയ്ഡ് നടത്തിയത്. നിരവധി ടെക്സ്റ്റൈൽ ഫാക്ടറികളും മറ്റും ഉൾപ്പെടുന്ന മേഖലയായ തിരുപ്പൂരിൽ തൊഴിലാളികളുടെ കൂട്ടത്തിൽ ബംഗ്ലാദേശി പൗരന്മാരും കടന്നുകൂടിയിട്ടുള്ളതായി ലഭിച്ച ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടത്തിയത്.
പോലീസ് സൂപ്രണ്ട് വി ബദരിനാരായണൻ്റെ നേതൃത്വത്തിലുള്ള എടിഎസ് സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന വാടക മുറികളിൽ പരിശോധന നടത്തി. തിരുപ്പൂരിലെ ടെക്സ്റ്റൈൽ യൂണിറ്റുകളിൽ പശ്ചിമബംഗാളിൽ നിന്നും ഉള്ളവർ എന്ന വ്യാജേനയായിരുന്നു ബംഗ്ലാദേശി പൗരന്മാർ കഴിഞ്ഞുവന്നിരുന്നത്.
Discussion about this post