ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് പദ്ധതി നടപ്പിലാക്കിയതിനു ശേഷം രാജ്യത്തുനിന്നും ആപ്പിൾ ഐഫോൺ അടക്കമുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട്. 2024ലെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നും ആപ്പിൾ ഒരു ലക്ഷം കോടി രൂപയുടെ ഐഫോൺ കയറ്റുമതി നടത്തിയതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2023 ൽ നിന്ന് 40 ശതമാനത്തിലധികം വർദ്ധനവാണ് ഐഫോൺ കയറ്റുമതിയിൽ ഉണ്ടായിട്ടുള്ളത്.
കൂടാതെ ഇന്ത്യയിലെ ആപ്പിളിൻ്റെ ആഭ്യന്തര ഉൽപ്പാദനം 2023നെ അപേക്ഷിച്ച് ഏകദേശം 46 ശതമാനം വർധിച്ചിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ 14 ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ നിർമ്മിക്കുകയും അസംബിൾ ചെയ്യുകയും ചെയ്തു. കൂടാതെ 10 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഐഫോണുകൾ കയറ്റുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. ആപ്പിൾ ഇക്കോസിസ്റ്റം നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 1,75,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഐ ഫോണുകൾക്ക് വേണ്ടിയുള്ള പിസിബി, ക്യാമറ മൊഡ്യൂൾ, ലിഥിയം അയൺ സെല്ലുകൾ തുടങ്ങിയ പ്രധാന ഘടകങ്ങൾ കമ്പനി പ്രാദേശികമായി ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയതും ഇന്ത്യയ്ക്ക് നേട്ടകരമായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. മൊബൈൽ ഫോണുകളുടെ അസംബ്ലിംഗ് വസ്തുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് ഘടക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് ഐഫോണുകളുടെ അസംബ്ലിങ് ഉൽപ്പന്നങ്ങളുടെ ഉത്പാദനത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
Discussion about this post