ടോക്കിയോ : ജപ്പാനിൽ റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ദ്വീപായ ക്യുഷുവിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 9:19 ന് ആണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തെ തുടർന്ന് ജപ്പാൻ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നത്തെ ഭൂചലനത്തിന്റെ കേന്ദ്രീകൃത പ്രദേശമായി കണക്കാക്കപ്പെടുന്ന മിയാസാക്കി പ്രിഫെക്ചറിൽ ഭരണകൂടം കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പസഫിക് ബേസിനിലെ അഗ്നിപർവ്വതങ്ങളുടെയും ഫോൾട്ട് ലൈനുകളുടെയും ഒരു കമാനമായ ‘റിങ് ഓഫ് ഫയർ’നോട് ചേർന്നുള്ള സ്ഥലമായതിനാലാണ് ജപ്പാനിൽ അടിക്കടി ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്.
2024 ജനുവരി 1 ന് ജപ്പാനിലെ നോട്ടോ പെനിൻസുലയിൽ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തിൽ 400-ലധികം ആളുകൾ കൊല്ലപ്പെടുകയും 100,000-ലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രണ്ട് ആണവ കേന്ദ്രങ്ങളിൽ ചെറിയ നാശനഷ്ടങ്ങളും ഈ ഭൂചലനത്തെ തുടർന്ന് ഉണ്ടായിരുന്നു
Discussion about this post