ന്യൂഡൽഹി : നാളെ രാജ്യം മകരസംക്രാന്തി, തൈപൊങ്കൽ ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. പൊങ്കൽ, സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി തെലങ്കാന ബിജെപി അധ്യക്ഷൻ ജി കിഷൻ റെഡ്ഡിയുടെ വസതിയിൽ നടന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കിഷൻ റെഡ്ഡിയുടെ ഡൽഹിയിലെ വസതിയിൽ ആണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി, ബാഡ്മിന്റൺ ഇതിഹാസ താരം പി വി സിന്ധു, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവരും പ്രധാനമന്ത്രിയോടൊപ്പം പൊങ്കൽ, സംക്രാന്തി ആഘോഷങ്ങളിൽ പങ്കെടുത്തു. ഇവരോടൊപ്പം നിരവധി കേന്ദ്ര മന്ത്രിമാരും കിഷൻ റെഡ്ഡിയുടെ വസതിയിൽ നടന്ന ചടങ്ങുകളിൽ ഭാഗമായി. നിലവിളക്ക് കൊളുത്തുകയും പൂജാ ചടങ്ങുകൾ നടത്തുകയും ചെയ്ത ശേഷം ഗായിക സുനിതയുടെ നേതൃത്വത്തിൽ സംഗീത പരിപാടിയും ക്ലാസിക്കൽ നൃത്ത അവതരണവും നടന്നു.
സംക്രാന്തിയുടെയും പൊങ്കലിൻ്റെയും അവസരത്തിൽ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. “എൻ്റെ സഹപ്രവർത്തകനായ ശ്രീ ജി. കിഷൻ റെഡ്ഡി ഗാരുവിൻ്റെ വസതിയിൽ നടന്ന സംക്രാന്തി, പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്തു. ഒരു മികച്ച സാംസ്കാരിക പരിപാടിക്ക് സാക്ഷ്യം വഹിക്കാനായി. ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ സംക്രാന്തിയും പൊങ്കലും വളരെ ആവേശത്തോടെ ആഘോഷിക്കുന്നു. ഇത് നന്ദിയുടെയും സമൃദ്ധിയുടെയും പുതിയ തുടക്കത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും സമൃദ്ധമായ വിളവെടുപ്പിന്റെയും ആഘോഷമാണ്. നമ്മുടെ സംസ്കാരത്തിൻ്റെ കാർഷിക പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ സംക്രാന്തിക്കും പൊങ്കലിനും എൻ്റെ ആശംസകൾ” എന്നായിരുന്നു പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചത്.
Discussion about this post