ന്യൂഡൽഹി: നാവികസേനയുടെ കാവൽനിരയ്ക്ക് കരുത്ത് പകരാൻ രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയും കൂടി കമ്മീഷൻ ചെയ്തു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് വാഗ്ഷീർ എന്നിവ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്നലെ മുംബൈയിലെ ഡോക്യാർഡിൽ നടന്ന ചടങ്ങിലാണ് കപ്പലുകൾ കമ്മീഷൻ ചെയ്തത്. ആദ്യമായാണ് ഡിസ്ട്രോയർ, ഫ്രിഗേറ്റ്, അന്തർവാഹിനി എന്നിവ ഒരുമിച്ച് കമ്മിഷൻ ചെയ്തത്.
നാവിക പ്രതിരോധത്തിൽ ആഗോളതലത്തിൽ നേതാവാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഈ മൂന്ന് നാവിക പോരാളികൾ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ ഒരു പ്രധാന സമുദ്രശക്തിയായി മാറുകയാണ്. ‘ആത്മനിർഭർ ഭാരത്’ രാജ്യത്തെ ശക്തവും സ്വയംപര്യാപ്തവുമാക്കിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 10 വർഷത്തിനിടെ 33 കപ്പലുകളും 7 മുങ്ങിക്കപ്പലുകളും നാവികസേനയുടെ ഭാഗമായെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്തെ ഉൽപാദനം 1.25 ലക്ഷം കോടി രൂപ കവിഞ്ഞു. നൂറിലധികം രാജ്യങ്ങളിലേക്കു പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
1.5 ലക്ഷം കോടി രൂപ ചെലവിൽ 60 കപ്പലുകൾ നിർമാണത്തിലാണ്. ഇതിലൂടെ വൻതോതിൽ തൊഴിലവസരമുണ്ടാകും. സമുദ്രമേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 10 വർഷത്തിനിടെ 3 ലക്ഷത്തിലേക്ക് ഉയർന്നു. ഏറ്റവും കൂടുതൽ നാവികരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
7400 ടൺ കേവ് ഭാരമുള്ള കപ്പലാണ് സൂറത്ത്. നീലഗിരിക്ക് 6670 ടൺ ഭാരമാണുള്ളത്. ഡീസൽ- ഇലക്ട്രിക് എൻജിനിൽ പ്രവർത്തിക്കുന്ന വാഗ്ഷീറിന് 1600 ടൺ ആണ് ഭാരം. ഇവ മൂന്നും അത്യാധുനിക സെൻസറുകളും ആയുധങ്ങളും വഹിക്കാൻ ശേഷിയുള്ളവയാണ്. പ്രോജക്ട് 15 ബി ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ പ്രോജക്ടിന്റെ ഭാഗമായുള്ള നാലാമത്തെയും അവസാനത്തെയും കപ്പലാണ് ഐഎൻഎസ് സൂറത്ത്.
പ്രോജക്ട് 17 എ സ്റ്റെൽത്ത് ഫ്രിഗേറ്റ് പദ്ധതിയിലെ ആദ്യ കപ്പലാണ് ഐഎൻഎസ് നീലഗിരി. മെച്ചപ്പെട്ട അതിജീവനം, കടൽ സംരക്ഷണം, സ്റ്റെൽത്ത് എന്നിവയ്ക്കായുള്ള നൂതന സവിശേഷതകൾ നീലഗിരിക്കുണ്ട്.പി75 സ്‌കോർപീൻ പദ്ധതിയുടെ ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയാണ് ഐഎൻഎസ് വാഗ്ഷീർ. ഫ്രാൻസിലെ നേവൽ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നൂതനമായ സ്റ്റെൽത്ത് സാങ്കേതികവിദ്യയും കുറഞ്ഞ റഡാർ സിഗ്നേച്ചറുകളും ഇതിന്റെ പ്രത്യേകതയാണ്. വെള്ളത്തിലൂടെയും വായുവിലൂടെയും മിസൈലുകൾ തൊടുക്കാൻ കഴിവുള്ള മുങ്ങികപ്പലാണ് ഐഎൻഎസ് വാഗ്ഷീർ.
Discussion about this post