ലോകത്ത് വെറും മൂന്ന് രാജ്യങ്ങൾക്ക് മാത്രമുള്ള സാങ്കേതിക വിദ്യ സ്വന്തമാക്കി ഭാരതം. ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ സംയോജിപ്പിക്കുക എന്ന “സ്പേസ് ഡോക്കിങ്” പ്രക്രിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി.
റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങൾക്ക് മാത്രമാണ് ഇതിനു മുമ്പ് സ്പേസ് ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായിട്ടുണ്ടായിരുന്നത്. ഇപ്പോൾ ആ നിരയിലേക്ക് ഇന്ത്യ കൂടി കടന്നു വന്നിരിക്കുകയാണ്
ബഹിരാകാശ പേടക ഡോക്കിംഗ് വിജയകരമായി പൂർത്തിയായി! ഒരു ചരിത്ര നിമിഷം. നേട്ടം പ്രഖ്യാപിച്ചുകൊണ്ട് ഐഎസ്ആർഒ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു.
ജനുവരി 12 ന്, രണ്ട് ഉപഗ്രഹങ്ങളെയും പരസ്പരം 15 മീറ്ററും 3 മീറ്ററും അകലത്തിൽ എത്തിക്കാനുള്ള പരീക്ഷണ ശ്രമം വിജയകരമായി പൂർത്തിയായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ജനുവരി 7, 9 തീയതികളിലെ രണ്ട് ഡോക്കിംഗ് ഷെഡ്യൂളുകൾവിചാരിച്ച പോലെ നടന്നിരുന്നില്ല . ഡിസംബർ 30 നാണ് ബഹിരാകാശ ഏജൻസി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.
രണ്ട് ഉപഗ്രഹങ്ങളുടെയും ഡോക്കിംഗ് പൊതു പരിപാടിയായിരിക്കുമെന്ന് ഇസ്രോ നേരത്തെ പ്രഖ്യാപിച്ചിരുന്നു, എന്നാൽ തുടർച്ചയായ രണ്ട് മാറ്റിവയ്ക്കലുകൾക്ക് ശേഷം, പദ്ധതി മാറ്റുകയായിരുന്നു.
Discussion about this post