ചെറുപ്രായമാണെങ്കിലും നൂറ് അസുഖങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞ് നടക്കുന്നവർക്കിടയിൽ വ്യത്യസ്തയാവുകയാണ് ഒരു മുത്തശ്ശി. ഇന്ന് അവർ സോഷ്യൽ മീഡിയയിൽ വൈറലാണ്. 124-ാം ജന്മദിനം ആഘോഷിച്ചുകൊണ്ടാണ് ചൈനയിലുള്ള ഈ മുത്തശ്ശി സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുന്നത്.
ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാൻചോങ്ങിൽ നിന്നുള്ള ക്യു ചൈഷി എന്ന സ്ത്രീ ജനുവരി 1നാണ് തന്റെ 124-ാം ജന്മദിനം ആഘോഷിച്ചത്. 1901ലാണ് ക്യു ചൈഷി ജനിച്ചത്.
ആറ് തലമുറകളാണ് ഇപ്പോൾ ക്യൂവിന്റെ കുടുംബത്തിൽ ജീവിച്ചിരിക്കുന്നത്. ഇവിടെ ജീവിച്ചിരിക്കുന്നവരിൽ വച്ച് ഏറ്റവും രപായം കൂടിയ ആളാണ് ക്യു ചൈഷി. 124 വലസുകാരിയായ ക്യു ചൈഷി മുതൽ അവരുടെ മക്കളുടെ മക്കളുടെ മക്കളായ എട്ട് വയസുകാർ വരെ ഈ കുടുംബത്തിൽ ഇപ്പോഴുണ്ട്. ക്യു ചൈഷിയുടെ കെച്ചുമക്കൾക്ക് പോലും 60 വയസാണ് പ്രായം.
124 വയസിലും പൂർണ ആരോഗ്യവതിയാണ് ക്യു ചൈഷി. ആരോഗ്യപൂർണമായ ജീവിതശൈലി തന്നെയാണ് ഈ പ്രായത്തിലും ക്യു ചൈഷിയെ ചുറുചുറുക്കോടെ നിർത്തുന്നത്. മൂന്ന് നേരത്തെ ഭക്ഷണവും ഭക്ഷണത്തിന് ശേഷമുള്ള അൽപ്പ സമയത്തെ നടത്തവും ഒരിക്കലും ക്യു ചൈഷി മുടക്കാറില്ല. എല്ലാ ദിവസവും എട്ട് മണിക്ക് ക്യു ചൈഷി ഉറങ്ങാനും കിടക്കും.
തന്റെ എല്ലാ കാര്യങ്ങളും ക്യു ചൈഷി ഒറ്റക്ക് തന്നെയാണ് ചെയ്യുക. ഇതിന് പുറമേ വീട്ടിലെ കാര്യങ്ങളിലും അവരുടെ കയ്യെത്താറുണ്ട്. സ്‌റ്റെപ്പുകൾ കയറാനും നടക്കാനുമൊന്നും ഇപ്പോഴും ക്യു ചൈഷിയ്ക്ക് ഒരു പ്രയാസവുമില്ല. ക്യു ചൈഷി കഴിക്കുന്ന ഭക്ഷണത്തിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. വർഷങ്ങളായി മത്തങ്ങയും തണ്ണിമത്തനും ചോളവുമെല്ലാം ചേർത്തുണ്ടാക്കുന്ന കഞ്ഞിയാണ് കഴിക്കുന്നത്.
ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു തന്റെ ജീവിതമെന്ന് ക്യു ചൈഷി പറയുന്നു. ക്വിംഗ് രാജവംശത്തിന്റെ കാലത്ത് പട്ടിണി കാരണം നിരവധി പേർ മരിച്ചിരുന്നു. അന്ന്, പർവതങ്ങളും മറ്റും കയറിയിറങ്ങി തിരഞ്ഞാണ് പഴങ്ങളും മറ്റും കണ്ടെത്തിയിരുന്നത്. വിവാഹത്തിന് മുമ്പ് തന്നെ തന്റെ കണക്കിലുള്ള പരിജ്ഞാനവും കായക ബലം കൊണ്ടും ക്യു ചൈഷി തന്റെ ഗ്രാമത്തിൽ പ്രശസ്തയായിരുന്നു. വിവാഹശേഷം തരക്കേടില്ലാത്ത ജീവിതം നയിച്ചിരുന്നെങ്കിലും 40-ാം വയസിലെ ഭർത്താവിന്റെ മരണം അവരെ വീണ്ടും ദുരിതത്തിലാക്കി. നാല് മക്കളെ തനിയെ വളർത്തിയ അവരുടെ മൂത്ത മകൻ മരിച്ചു. ഇതോടെ അവന്റെ ഭാര്യ പുനർവിവാഹം കഴിക്കുകയും കൊച്ചുമക്കളെ നോക്കേണ്ട കടമ തന്നിലേക്ക് തന്നെ വന്ന് ചേരുകയും ചെയ്‌തെന്ന് ക്യു ചൈഷി പറയുന്നു.
ഇപ്പോൾ തന്റെ കൊച്ചുമക്കളോടൊപ്പം ഒരു മൂന്ന് നില വീട്ടിലാണ് ക്യു ചൈഷി. ഇത്രയും വയസു വരെ ജീവിച്ചിരിക്കുന്നതിനെ കുറിച്ച് ചോദിച്ചാൽ, തന്റെ സഹോദരങ്ങളും ഭർത്താവും മകനുമെല്ലാം പണ്ടേ മരിച്ചു. പക്ഷേ, നരകത്തിലെ രാജാവ് ചിലപ്പോൾ തന്നെ മറന്ന് കാണും. അതുകൊണ്ടാവും തന്നെ വിളിക്കാത്തത് എന്നാണ് ക്യു ചൈഷി പറയുക.
Discussion about this post