തിരുവനന്തപുരം: ഇനിമുതല്‍ പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്ക് കെഎസ്ഇബിയില്‍ ജോലികിട്ടില്ല. കെഎസ്ഇബിയിലെ അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്‌കരിക്കാനാണ് പുതിയ തീരുമാനം. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ പോലും ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന തരത്തിലുള്ള തസ്തികകളിലിരിക്കുന്നുവെന്ന് വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് കെഎസ്ഇബിയുടെ തീരുമാനം.
കെഎസ്ഇബിയിലെ എല്ലാ തസ്തികകളും ഇത്തരത്തില്‍ തിരുത്തിയെഴുതുന്ന പ്രത്യേക റൂളിന് പിഎസ്സി മൂന്നു മാസത്തിനകം അംഗീകാരം നല്‍കിയേക്കും. സ്‌പെഷ്യല്‍ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവര്‍ക്ക് മാത്രമായിരിക്കും ഇവ ബാധകം.
വൈദ്യുതി മേഖലയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി സാങ്കേതികമായി അറിവുള്ളവരെ മാത്രം നിയമിക്കണമെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. ഇതും കെഎസ്ഇബി മുന്‍പ് നടത്തിയ പഠനങ്ങളും അടിസ്ഥാനമാക്കിയാണ് സ്‌പെഷ്യല്‍ റൂളില്‍ തസ്തികകള്‍ പുനര്‍നിര്‍ണയിച്ചത്. ഇനിമുതല്‍ പിഎസ്സി വഴി നിയമനം ലഭിക്കുന്നവര്‍ ഭാവിയില്‍ സ്ഥാനക്കയറ്റം നേടി ചീഫ് എന്‍ജിനീയര്‍ തസ്തിക വരെയെത്തുമ്പോള്‍ അതുവരെയുള്ള എല്ലാ തസ്തികകളുടെയും പേരും ചുമതലകളും മാറും.
ജീവനക്കാര്‍ക്ക് സേവനകാലം പരിഗണിച്ച് കുറഞ്ഞത് മൂന്ന് ഗ്രേഡ് പ്രമോഷന്‍ ഉറപ്പാക്കുമെങ്കിലും യോഗ്യത അനുസരിച്ച് പരമാവധി പ്രമോഷന്‍ ലഭിക്കാവുന്ന ഗ്രേഡും നിശ്ചയിക്കും. തസ്തികകളുടെ എണ്ണം കുറയുന്നതിനാല്‍ ജീവനക്കാരെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ഇവര്‍ക്ക് വ്യത്യസ്തമായ ചുമതലകളും നല്‍കാനാണ് തീരുമാനം.
Discussion about this post