തിരുവനന്തപുരം: കേരളക്കരയെയാകെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. കേസിൽ ശിക്ഷാവിധി നാളെ പറയും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്.
മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. ഷാരോണിന്റെ കാമുകി ഗ്രീഷ്മ ഒന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മ രണ്ടാം പ്രതിയും അമ്മാവൻ മൂന്നാം പ്രതിയുമായിരുന്നു.
പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്നാണ് ഷാരോണിനെ കീടനാശിനി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയത്. ആദ്യം ജ്യൂസിൽ അളവിൽ അധികം പാരസെറ്റമോൾ ഗുളിക കലർത്തി ജ്യൂസ് ചാലഞ്ച് എന്ന പേരിൽ ഷാരോണിന് കുടിയ്ക്കാൻ നൽകുകയായിരുന്നു. എന്നാൽ ഇത് പൂർണമായും ഷാരോൺ കുടിച്ചിരുന്നില്ല. ഇതിന് പിന്നാലെ കഷായത്തിൽ കീടനാശിനി കലർത്തി നൽകുകയായിരുന്നു.
ഷാരോണിനെ കൊല്ലുന്നതിന് വേണ്ടിയല്ല പാരസെറ്റമോളിനെക്കുറിച്ച് ഇന്റർനെറ്റിൽ തപ്പിയത് എന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. പനി ആയതുകൊണ്ടാണ് നെറ്റിൽ ഗുളികയെക്കുറിച്ച് തിരഞ്ഞത്. ഗ്രീഷ്മയ്ക്ക് ആത്മഹത്യാപ്രവണതയുണ്ട്. ഇതിനായി കഷായത്തിൽ വിഷം കലർത്തി. ഗ്രീഷ്മ മുഖം കഴുകാൻ പോയ സമയം ഷാരോൺ കഷായം ഒറ്റയ്ക്ക് എടുത്ത് കുടിയ്ക്കുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
എന്നാൽ ഇതെല്ലാം കെട്ടുകഥകൾ ആണെന്ന് വാദിഭാഗം ശക്തമായി വാദിച്ചു. ഡിജിറ്റൽ തെളിവുകളുടെയും മെഡിക്കൽ, ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞു. വീട്ടിലേക്ക് വിളിച്ചുവരുത്തി ഷാരോണിന് ഗ്രീഷ്മ വിഷം നൽകുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.












